ഇനി ടോള്‍ പ്ലാസകളില്‍ വാഹനത്തിന്റെ വേഗത കുറയ്‌ക്കേണ്ട!; ഫാസ്ടാഗിന് പിന്നാലെ അടുത്ത പരിഷ്‌കാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2020 02:44 PM |
Last Updated: 07th January 2020 02:44 PM | A+A A- |
ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വാഹനഗതാഗതം സുഗമമാക്കാന്‍ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ടോള്‍ പ്ലാസകളില്‍ വേഗത കുറയ്ക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഫാസ് ടാഗ് സംവിധാനത്തിലേയ്ക്ക് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
ജനുവരി 15ന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗ് ഓരോ വാഹന ഉടമയുടെയും കൈവശം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഫാസ് ടാഗ് ഇല്ലാതെ വാഹനവുമായി വരുന്നവര്‍ ഇരട്ടി തുക ടോള്‍ പ്ലാസകളില്‍ അടച്ച് പോകേണ്ടി വരും. അതിനായി പ്രത്യേക ലൈന്‍ സ്ഥാപിക്കുന്നുണ്ട്. അതിനിടെയാണ് ടോള്‍ പ്ലാസകളിലെ വാഹനഗതാഗതം സുഗമമാക്കാന്‍ സ്പീഡ് ബ്രേക്കര്‍, വാഹന ഉടമകള്‍ക്ക് വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ചെറിയ ഹമ്പുകളുടെ നിരയായ റബിള്‍ സ്ട്രിപ്പ്‌സ് എന്നിവ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
നിലവില്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കുന്നത് ഒഴിവാക്കി കടന്നുകളയുന്നത് തടയുന്നതിന്റെ ഭാഗമായാണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ടോള്‍ കൊടുക്കേണ്ട സ്ഥലം എത്തുമ്പോള്‍ വാഹനങ്ങളുടെ വേഗത കുറയും.പലപ്പോഴും വാഹനങ്ങള്‍ കടന്നുപോകാന്‍ കൂടുതല്‍ സമയമെടുക്കുന്നത് കാരണം ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടാറുണ്ട്.ഇത് ഒഴിവാക്കി ദേശീയപാതയില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.