വീടുപണി നിന്നുപോയാല്‍ ഇനി ആശങ്കപ്പെടേണ്ട!; എസ്ബിഐ വായ്പ തുക പൂര്‍ണമായി തിരികെ നല്‍കും

നിശ്ചിത സമയത്തിനുളളില്‍ ഡവലപ്പര്‍മാര്‍ വീട് നിര്‍മ്മിച്ചു നല്‍കിയില്ലായെങ്കില്‍ വായ്പ തുക ഉപഭോക്താവിന് തിരികെ നല്‍കുന്ന പദ്ധതിയുമായി എസ്ബിഐ
വീടുപണി നിന്നുപോയാല്‍ ഇനി ആശങ്കപ്പെടേണ്ട!; എസ്ബിഐ വായ്പ തുക പൂര്‍ണമായി തിരികെ നല്‍കും

മുംബൈ: നിശ്ചിത സമയത്തിനുളളില്‍ ഡവലപ്പര്‍മാര്‍ വീട് നിര്‍മ്മിച്ചു നല്‍കിയില്ലായെങ്കില്‍ വായ്പ തുക ഉപഭോക്താവിന് തിരികെ നല്‍കുന്ന പദ്ധതിയുമായി എസ്ബിഐ. ഈ പദ്ധതി അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകള്‍ക്ക് മാത്രമേ ബാധകമാകു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയില്‍ ഉയര്‍ന്ന സ്‌കോറുളള ഡവലപ്പര്‍മാരുടെ പ്രോജക്ടുകള്‍ മാത്രമേ എസ്ബിഐ പരിഗണിക്കു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തു കൂടുതല്‍ ഇടപാടുകള്‍ക്ക് ഊര്‍ജം നല്‍കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസം നല്‍കാനുമാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ ഭവന വായ്പാ പലിശ നിരക്ക് തന്നെയായിരിക്കും ഇതിനും. പുതിയ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിയമപ്രകാരമാണ് എസ്ബിഐ ഈ ഇളവ് കൊണ്ടുവന്നത്. നിയമപ്രകാരം എല്ലാ ബില്‍ഡര്‍മാരും രജിസ്റ്റര്‍ ചെയ്യുകയും ഓരോ പ്രോജക്ടും പൂര്‍ത്തിയാക്കുന്ന സമയവും അറിയിക്കണമെന്നാണ് വ്യവസ്ഥ. 

ഉപഭോക്താവിന്റെ വായ്പയ്ക്ക് ഗ്യാരണ്ടി നല്‍കുന്നു എന്ന പേരിലാണ് എസ്ബിഐയുടെ പദ്ധതി. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയില്‍ ഉയര്‍ന്ന സ്‌കോറുളള ഡവലപ്പര്‍മാരുടെ പ്രോജക്ടുകള്‍ മാത്രമേ പരിഗണിക്കു എന്നതിന് പുറമേ അമ്പത് കോടിക്കും 400 കോടിക്കും ഇടയിലുളള വായ്പകള്‍ അനുവദിക്കാന്‍ വായ്പക്ഷമതയുളള ഡവലപ്പര്‍മാരാണ് എന്ന സിബിലിന്റെ സാക്ഷ്യവും ഇതിന് അനിവാര്യമാണ്. 2.5 കോടി വരെ ചെലവ് വരുന്ന ഭവനം വാങ്ങുന്നവര്‍ക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഏഴ് മേഖലയില്‍ ആണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com