ഇനി നേരിട്ട് പോകണ്ട, ഒരു വീഡിയോ എടുത്താല്‍ മതി, തിരിച്ചറിയല്‍ പൂര്‍ണം!; റിസര്‍വ് ബാങ്കിന്റെ പുതിയ പരിഷ്‌കാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2020 01:35 PM |
Last Updated: 10th January 2020 01:35 PM | A+A A- |
ന്യൂഡല്‍ഹി: ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുളള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക്. സുതാര്യത കൂടുതല്‍ ഉറപ്പുവരുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. ഇതിന്റ ഭാഗമായി ലൈവ് വീഡിയോ കെവൈസി സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ഉപഭോക്താവിനെ തിരിച്ചറിയുന്നതിനാണ് ബാങ്കുകള്‍ കെവൈസി ആവശ്യപ്പെടുന്നത്.
ഉപഭോക്താവിനും പ്രയോജനപ്പെടുന്ന തരത്തിലാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ബാങ്കില്‍ നേരിട്ട് എത്താതെ തന്നെ കെവൈസി നടപടികള്‍ പൂര്‍ത്തികരിക്കാന്‍ ഇതുവഴി സാധിക്കും. ആധാര്‍ അധിഷ്ഠിതമായിരിക്കും ഇത്തരത്തിലുളള ലൈവ് വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ചുളള ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുളള നടപടി. എന്നാല്‍ ഉപഭോക്താവിന്റെ അനുമതിയോടു കൂടി മാത്രമേ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താവു എന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
ബാങ്കിന്റെ നടപടികള്‍ കൂടുതല്‍ സുഗമമാകാന്‍ ഇതുവഴി സാധിക്കും. നിലവില്‍ ബാങ്കില്‍ പോയി കെവൈസി നടപടികള്‍ ഇടപാടുകാരന്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ പുതിയ നിര്‍ദേശമനുസരിച്ച് ഇടപാടുകാരന്‍ എവിടെ എന്നത് പ്രാധാന്യമല്ല. ഉപഭോക്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് കെവൈസി പൂര്‍ത്തിയാക്കുന്നത്. ആധാര്‍ ഉള്‍പ്പെടെയുളള അംഗീകൃത രേഖകളും ലൈവായി സ്വീകരിക്കും. ഇതിനായി ബാങ്കുകള്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. തിരിച്ചറിയല്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാത്ത സന്ദര്‍ഭങ്ങളിലാണ് വീഡിയോ കെവൈസി പരിഗണിക്കുക.