ഇനി വിദേശത്ത് നിന്ന് വരുമ്പോള്‍ തീരുവ ഇല്ലാതെ രണ്ടു കുപ്പി മദ്യം വാങ്ങാമെന്ന് കരുതേണ്ട!, സിഗററ്റ് പാക്കറ്റും 'വെട്ടും'; പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2020 12:52 PM |
Last Updated: 20th January 2020 12:52 PM | A+A A- |

ന്യൂഡല്‍ഹി: ഡ്യൂട്ടി ഫ്രീ കടകളില്‍ നിന്ന് തീരുവയില്ലാതെ വാങ്ങാവുന്ന മദ്യത്തിന്റെ തോത് ഒരു കുപ്പിയായി കുറയ്ക്കാന്‍ ശുപാര്‍ശ. സിഗററ്റ് പാക്കറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനും സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തുന്നവര്‍ക്ക് നിലവില്‍ രണ്ടു കുപ്പി മദ്യം തീരുവയില്ലാതെ വാങ്ങാന്‍ സാധിക്കും. ഇത് ഒന്നായി കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. അതുപോലെ സിഗററ്റ് കുറ്റികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വരുത്താനാണ് ആലോചന. നേരത്തെ 200 സിഗറ്റ് കുറ്റികള്‍ വരെ തീരുവ ഇല്ലാതെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങാമായിരുന്നു. പിന്നീട് ഇത് 100 ആയി വെട്ടിച്ചുരുക്കി. ഇതില്‍ വീണ്ടും കുറവ് വരുത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന് പുറമേ തീരുവ ഇല്ലാതെ വാങ്ങാവുന്ന സാധനങ്ങളുടെയും ഗിഫ്റ്റുകളുടെയും പരിധിയും വെട്ടിച്ചുരുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. നിലവില്‍ 50,000 രൂപ മൂല്യമുളള ഉത്പനങ്ങള്‍ വരെ തീരുവ ഇല്ലാതെ വാങ്ങാന്‍ സാധിക്കും. ഈ പരിധി വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അടുത്ത ബജറ്റില്‍ നടപ്പാക്കാനുളളവ എന്ന നിലയിലാണ് വാണിജ്യ മന്ത്രാലയം ഈ നിര്‍ദേശങ്ങള്‍ ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളല്ലാത്തവയുടെ ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം. ആഗോള നിലവാരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഒരു രാജ്യമെന്ന നിലയില്‍ മദ്യത്തിന്റെ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.