മാര്‍ച്ച് മുതല്‍ ഡെബിറ്റ് കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാം, ഓണ്‍ലൈന്‍ ഇടപാടിന് പ്രത്യേക അപേക്ഷ; പുതിയ പരിഷ്‌കാരങ്ങളുമായി റിസര്‍വ് ബാങ്ക്

മാര്‍ച്ച് മുതല്‍ പുതിയതും പഴയതുമായ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യയില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ
മാര്‍ച്ച് മുതല്‍ ഡെബിറ്റ് കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാം, ഓണ്‍ലൈന്‍ ഇടപാടിന് പ്രത്യേക അപേക്ഷ; പുതിയ പരിഷ്‌കാരങ്ങളുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പണമിടപാടുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. മാര്‍ച്ച് മുതല്‍ പുതിയതും പഴയതുമായ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യയില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ. ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്തവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുളള ഓണ്‍ലൈന്‍ സേവനം റദ്ദാക്കും. അതായത് എടിഎം, പോയിന്റ് ഓഫ് സെയില്‍സ് എന്നിവിടങ്ങളില്‍ മാത്രമായി ഇത്തരം കാര്‍ഡുകളുടെ സേവനം ചുരുങ്ങുമെന്ന് സാരം. കാര്‍ഡുകള്‍ സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാമെന്നതാണ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നല്‍കിയ റിസര്‍വ് ബാങ്കിന്റെ മറ്റൊരു നിര്‍ദേശം.

മാര്‍ച്ച് 16 മുതല്‍  നടപ്പാക്കണമെന്ന്് വ്യക്തമാക്കി കൊണ്ടാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറിയിരിക്കുന്നത്. നിലവില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുളളവര്‍ക്ക് അവരുടെ കാര്‍ഡുകള്‍ ഇന്ത്യയില്‍ മാത്രമേ ഇനി ഉപയോഗിക്കാന്‍ സാധിക്കൂ. അതായത് എടിഎം, പോയിന്റ് ഓഫ് സെയില്‍സ് എന്നിവിടങ്ങളില്‍ മാത്രമായി കാര്‍ഡിന്റെ സേവനം ചുരുങ്ങും.പുതിയതായി കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഇതോടെ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താന്‍ സാധിക്കുകയില്ല. ഓണ്‍ലൈന്‍ സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ അതത് ബാങ്കിന് പ്രത്യേക അപേക്ഷ നല്‍കേണ്ടി വരും.രാജ്യാന്തര ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരും അതത് ബാങ്കുകളില്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടി വരും. എങ്കില്‍ മാത്രമേ ഈ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കൂവെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു. 

ഇടപാടുകളുടെ പരിധി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുളള സേവനങ്ങള്‍ക്ക് ഇടപാടുകാരന്‍ മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നി സേവനങ്ങള്‍ പിന്തുടരേണ്ടി വരും. ഇതിനായി 24 മണിക്കൂര്‍ സേവനം ലഭ്യമാക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. വായ്പ ക്ഷമതയെ മുന്‍നിര്‍ത്തി അക്കൗണ്ടുടമയുടെ രാജ്യാന്തര, ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. കാര്‍ഡുകള്‍ ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താത്തവര്‍ക്ക് ഇത്തരം സേവനങ്ങള്‍ തുടര്‍ന്നും നല്‍കേണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം. 

ഇടപാടുകളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ സ്വിച്ച്് ഓഫ്, സ്വിച്ച് ഓണ്‍ സംവിധാനം വരാന്‍ പോകുകയാണ്. അതായത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം ഡെബിറ്റ് കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാനുളള സംവിധാനമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതിലൂടെ കാര്‍ഡുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com