പ്രീമിയം ഹാച്ച്ബാക്കില്‍ ഞെട്ടിപ്പിക്കുന്ന വിലയില്‍ ടാറ്റയുടെ കാര്‍; വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍, 'സ്‌പോര്‍ട്ടി ലുക്കില്‍' അല്‍ട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടേഴ്‌സ്
പ്രീമിയം ഹാച്ച്ബാക്കില്‍ ഞെട്ടിപ്പിക്കുന്ന വിലയില്‍ ടാറ്റയുടെ കാര്‍; വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍, 'സ്‌പോര്‍ട്ടി ലുക്കില്‍' അല്‍ട്രോസ്

മുംബൈ: പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടേഴ്‌സ്.  ഈ രംഗത്തെ ആദ്യ കാറായ അല്‍ട്രോസ് വിപണിയില്‍ ഇറക്കിയിരിക്കുകയാണ് കമ്പനി. അല്‍ട്രോസിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 5.29 ലക്ഷം മുതല്‍ 7.69 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.99 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ അഞ്ച് വകഭേദങ്ങളുമായാണ് വാഹനം നിരത്തില്‍ ഇറങ്ങാന്‍ പോകുന്നത്.

ഡിസംബറിലാണ് പുതിയ കാര്‍ ടാറ്റ മോട്ടേഴ്‌സ് അവതരിപ്പിച്ചത്. ഇന്ധനക്ഷമതയുടെ അളവുകോലായ ഭാരത് സ്‌റ്റേജ് സിക്‌സില്‍ പുറത്തിറക്കുന്ന ആദ്യ ഡീസല്‍ കാര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. അല്‍ട്രോസിന് പുറമേ ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡങ്ങള്‍ അനുസരിച്ച് രൂപകല്‍പ്പന ചെയ്ത നെക്‌സോണ്‍, ടിയാഗോ, ടൈഗര്‍ എന്നിവയും ടാറ്റ വിപണിയില്‍ അവതരിപ്പിച്ചു.

റിഥം, സ്റ്റെല്‍, ലക്‌സ്, അര്‍ബന്‍ എന്നി നാലു പാക്കുകളിലാണ് അല്‍ട്രോസ് വിപണിയില്‍ എത്തുക. അതായത് ഉപഭോക്താവിന് അനുയോജ്യമായ രീതിയില്‍ വ്യത്യസ്തമായ ഫാക്ടറി ഫിറ്റിങ്ങോടു കൂടിയുളള ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ടാറ്റയുടെ അല്‍ട്രോസ് നിര്‍മിച്ചിരിക്കുന്നത്.

 ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡങ്ങള്‍ പാലിച്ചു നിര്‍മ്മിച്ച കാറുകള്‍ വിപണിയില്‍ ഇറക്കുന്നതോടെ, സ്വന്തമായി ഉപകരണ നിര്‍മ്മാണം സാധ്യമാക്കിയ ആദ്യ കമ്പനിയെന്ന പേര് ലഭിക്കുമെന്ന് ടാറ്റ മോട്ടേഴ്‌സ് അറിയിച്ചു.സുരക്ഷയ്ക്കും സാങ്കേതികവിദ്യയ്ക്കും രൂപകല്‍പ്പനയ്ക്കും പ്രാധാന്യം നല്‍കിയാണ് പുതിയ മോഡല്‍ വിപണിയില്‍ ഇറക്കിയതെന്ന് കമ്പനിയുടെ യാത്ര വാഹനങ്ങളുടെ ബിസിനസിന്റെ ചുമതല വഹിക്കുന്ന മായങ്ക് പരീഖ് പറയുന്നു.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും അല്‍ട്രോസ് സ്വന്തമാക്കിയിരുന്നു.

3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്‌പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് പ്രത്യേക ഭംഗി നല്‍കും.

ഉള്‍വശത്തും സ്‌പോര്‍ട്ടി ലുക്കില്‍ പിന്നിലല്ല. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com