ഇനി അക്കൗണ്ട് വിവരങ്ങള്‍ പുറത്താകുമെന്ന് കരുതി ഭയപ്പെടേണ്ട!; 50,000 രൂപ വരെയുളള ഇടപാടുകള്‍ക്ക് വിര്‍ച്വല്‍ കാര്‍ഡ്; എസ്ബിഐയുടെ പുതിയ പരിഷ്‌കാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2020 03:04 PM |
Last Updated: 27th January 2020 03:04 PM | A+A A- |

ന്യൂഡല്‍ഹി: ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന അക്കൗണ്ടുടമകള്‍ക്ക് പുതിയ ഓഫറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിര്‍ച്വല്‍ കാര്‍ഡ് സേവനമാണ് ഇടപാടുകാര്‍ക്കായി എസ്ബിഐ ഒരുക്കിയിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകള്‍ക്കായി ഓണ്‍ലൈന്‍എസ്ബിഐ ഡോട്ട് കോം എന്ന പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തുന്ന അക്കൗണ്ടുടമകള്‍ക്കായാണ് ബാങ്ക് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ പോര്‍ട്ടലില്‍ കയറി വിര്‍ച്വല്‍ കാര്‍ഡ് വഴി ഓണ്‍ലൈന്‍ ഇടപാട് നടത്താനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഇടപാട് പൂര്‍ത്തിയാകുന്നതോ, 48 മണിക്കൂറോ ഇതില്‍ ഏതാണ് ആദ്യം സാധ്യമാകുന്നത് അതുവരെ കാലാവധിയുളളതാണ് വിര്‍ച്വല്‍ കാര്‍ഡ് ഇടപാട്. പ്രാഥമിക കാര്‍ഡായ ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ രേഖപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ സാധിക്കുമെന്നതിനാല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കും. ഇതിന് പുറമേ അക്കൗണ്ട് വിവരങ്ങളും കൈമാറാതെ തന്നെ ഇടപാട് നടത്താന്‍ സാധിക്കുമെന്നും ബാങ്ക് അവകാശപ്പെടുന്നു. 100 രൂപ മുതല്‍ 50000 രൂപ വരെയുളള ഇടപാടുകള്‍ ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കും.
എസ്ബിഐയുടെ ബാങ്കിങ് പോര്‍ട്ടലില്‍ കയറി ഇ- കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് വിര്‍ച്വല്‍ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. പണം കൈമാറാന്‍ ഉപയോഗിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറിയാണ് ഇത് സാധ്യമാക്കേണ്ടത്. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറി അക്കൗണ്ടില്‍ നിന്ന് വിര്‍ച്വല്‍ കാര്‍ഡിലേക്ക് തുക മാറ്റിയാണ് ഇടപാട് പൂര്‍ത്തിയാക്കേണ്ടത്. ഒടിപിയുടെ സേവനത്തോടെയാണ് വിര്‍ച്വല്‍ കാര്‍ഡിനായുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. വിര്‍ച്വല്‍ കാര്‍ഡിലേക്ക് തുക കൈമാറി കഴിഞ്ഞാല്‍, ഇത് ഉപയോഗിച്ച് സുരക്ഷിതമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താവുന്നതാണ്.