ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപത്തിന് എന്ത് പറ്റും?; ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷമായി ഉയരുമോ?
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2020 10:13 PM |
Last Updated: 27th January 2020 10:13 PM | A+A A- |

മുംബൈ: ബാങ്കുകളിലെ നിക്ഷേപത്തിനുളള ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്താനുളള മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്ക് ഏകദേശം രൂപമായതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക്, നിക്ഷേപത്തിന്റെ തോത് കണക്കാക്കാതെ, ഒരു ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഇത് അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരില്‍ ഏകദേശ ധാരണയായിരിക്കുന്നത്.
നിലവില്‍ ബാങ്ക് പൊളിയുകയാണെങ്കില്‍, നിക്ഷേപകന് ഒരു ലക്ഷം രൂപ വരെ നല്‍കണം. റിസര്‍വ് ബാങ്കിന്റെ കീഴിലുളള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക. ഇത് അഞ്ചുലക്ഷമാക്കി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന് പുറമേ ധനകാര്യസ്ഥാപനങ്ങള്‍ തകരുന്നത് തടയാന്‍ സഹായിക്കുന്ന സമഗ്രമായ ചട്ടക്കൂടിന് രൂപം നല്‍കണമെന്ന ആശയവും ധനമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇനി ധനകാര്യ സ്ഥാപനം തകരുന്ന ഒരു ഗതിക്കേട് ഉണ്ടായാല്‍ തന്നെ അതിന്റെ ആഘാതം കുറയ്ക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും ചട്ടക്കൂട് വഴി സാധിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.
മഹാരാഷ്ട്രയിലെ പിഎംസി ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് ഒരുങ്ങുന്നത്.
നിലവില്‍ ബാങ്ക് തകരുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിഐസിജിസി ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കും. കൂടുതല്‍ നിക്ഷേപം നടത്തിയാലും ഒരു ലക്ഷം രൂപ വരെ മാത്രമേ നഷ്ടപരിഹാരമായി ലഭിക്കുകയുളളൂ. ബാങ്കുകളില്‍ സാമ്പത്തിക തട്ടിപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ പരിധി ഉയര്‍ത്തണമെന്നാണ് നിക്ഷേപകരുടെ മുഖ്യ ആവശ്യം. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ഒരു ലക്ഷം രൂപ വരെ നല്‍കാനെ നിര്‍വാഹമുളളുവെന്നാണ് ഡിഐസിജിസിയുടെ വിശദീകരണം.