'വീട്ടിലെത്തണമെങ്കില്‍ ഓര്‍ഡറുകള്‍ക്ക് 45 രൂപയിലധികം നല്‍കണം'; ഡെലിവറി ഫീസ് ഉയര്‍ത്തിയ സ്വിഗിക്കും സൊമാറ്റോയ്ക്കും തിരിച്ചടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2020 08:27 PM |
Last Updated: 27th January 2020 08:27 PM | A+A A- |

ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വര്‍ധിപ്പിച്ചതോടെ, ബിസിനസ്സില്‍ ഇടിവ്. പ്രതിമാസം ആറുശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പാണ് ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്ന ഡെലിവറി ഫീസ് വര്‍ധിപ്പിച്ചത്. ഓര്‍ഡര്‍ റദ്ദാക്കുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കിയത് ഉള്‍പ്പെടെയുളള നടപടികളും ഇതൊടൊപ്പം ഭക്ഷ്യവിതരണ ആപ്പുകള്‍ സ്വീകരിച്ചു. ഭക്ഷണത്തിന്റെ ചെലവ് ഉയരാന്‍ ഇടയാക്കുന്ന ഡൈനാമിക് പ്രൈസിങ് നടപ്പാക്കിയതാണ് മറ്റൊരു പരിഷ്‌കാരം. ഇതെല്ലാം കാരണം പ്രതിമാസം ഓര്‍ഡറുകളുടെ എണ്ണത്തില്‍ ആറു ശതമാനം വരെ ഇടിവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും സ്വിഗി ലോയല്‍റ്റി പ്രോഗ്രാമുകളുടെ നിരക്കുമാണ് വര്‍ധിപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്റെ ഇടം വരെയുള്ള ദൂരം, ഭക്ഷണത്തിന്റെ വില, ഹോട്ടല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബംഗളൂരുവില്‍ ചെറിയ ഓര്‍ഡറുകള്‍ക്ക് 16 മുതല്‍ 45 രൂപ വരെ ഡെലിവറി ഫീസായി നല്‍കണം. കൂടുതല്‍ തിരക്കേറിയ സമയത്ത് 25 രൂപ വരെ അധിക ഡെലിവറി ഫീസ് സൊമാറ്റോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീല്‍ ഫോര്‍ വണ്‍ ഓഫറിന് 15 രൂപ നല്‍കണം.ഇത് നേരത്തെ സൗജന്യമായിരുന്നു.