കുടുംബബജറ്റിന് നേരിയ ആശ്വാസം, രണ്ടാഴ്ചക്കിടെ ഇന്ധനവിലയിലുണ്ടായ കുറവ് രണ്ടരരൂപ; പെട്രോള്‍ വില 75ലേക്ക്, ഡീസല്‍ 70
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 09:57 AM |
Last Updated: 28th January 2020 09:57 AM | A+A A- |

കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വിലയില്‍ ഇടിവ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. ആറുദിവസത്തിനിടെ, പെട്രോള്‍, ഡീസല്‍ വിലയില്‍ ഏകദേശം ഒന്നര രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 12നു ശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി രണ്ടര രൂപയോളം ലിറ്ററിന് കുറഞ്ഞു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 61 പൈസയാണ്. ഡീസല്‍ വില 70 രൂപ 24 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 96 പൈസയും ഡീസലിന്റെ വില 71 രൂപ 59 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75 രൂപ 94 പൈസ, 70 രൂപ 57 പൈസ എന്നിങ്ങനെയാണ്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.