വെളിച്ചെണ്ണയുടെ ചില്ലറവില്‍പ്പന വേണ്ട!, പിടിവീഴും; നിരോധനം കര്‍ശനമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് 

പാക്കറ്റുകളിലാക്കാതെ ലൂസായി ഭക്ഷ്യഎണ്ണ വില്‍ക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
വെളിച്ചെണ്ണയുടെ ചില്ലറവില്‍പ്പന വേണ്ട!, പിടിവീഴും; നിരോധനം കര്‍ശനമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് 

ന്യൂഡല്‍ഹി:  പാക്കറ്റുകളിലാക്കാതെ ലൂസായി ഭക്ഷ്യഎണ്ണ വില്‍ക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുളള വില്‍പ്പന നിരോധിച്ച് കൊണ്ടുളള ഉത്തരവ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിവിധ കോണുകളില്‍ നിന്ന് ഭക്ഷ്യഎണ്ണ ലൂസായി വില്‍ക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ചില്ലറവില്‍പ്പനക്കാര്‍ പാക്കറ്റുകളിലാക്കാത്ത ഭക്ഷ്യഎണ്ണ ലൂസായി വില്‍ക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കുന്ന വ്യവസ്ഥകളുടെ ലംഘനമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

2011ലെ പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം അനുസരിച്ച് ഭക്ഷ്യഎണ്ണ പായ്ക്ക് ചെയ്ത് നല്‍കണമെന്നാണ് വ്യവസ്ഥ. കൂടാതെ നിശ്ചിത വലുപ്പം പാലിക്കണമെന്നും നിബന്ധനയുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് അതത് ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഇതിന് പുറമേ ഭക്ഷ്യഎണ്ണ പുനരുപയോഗിച്ച ടിനിലും പ്ലാസ്റ്റിക്കിലും നല്‍കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വ്യാവസായിക ലോകം സ്വാഗതം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com