താത്കാലിക രജിസ്‌ട്രേഷനുമായി റോഡില്‍ ഇറങ്ങാനാവില്ല, നമ്പര്‍ പ്ലേറ്റിലും മാറ്റം; മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി 

താത്കാലിക രജിസ്‌ട്രേഷന്‍ നമ്പറുമായി വാഹനം ഓടിക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: താത്കാലിക രജിസ്‌ട്രേഷന്‍ നമ്പറുമായി വാഹനം ഓടിക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. നമ്പര്‍ പ്ലേറ്റില്‍ ഇംഗ്ലീഷ് വലിയ അക്ഷരങ്ങളും അക്കങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ. മറ്റ് ഒന്നും തന്നെ നമ്പര്‍ പ്ലേറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

11 വിഭാഗങ്ങളിലുളള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മാറ്റങ്ങളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന അക്കങ്ങളുടെയും അക്ഷരങ്ങളുടെയും കാര്യത്തില്‍ വ്യക്തമായ നിബന്ധനയാണ് പുറത്തിറക്കിയത്. അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഉപയോഗിക്കുന്ന കളര്‍ കോഡില്‍ അടക്കം വലിയ പരിഷ്‌കാരങ്ങളാണ് വരുത്തിയത്.

പുതിയ വാഹനങ്ങള്‍ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്ത് ഓടിക്കുന്നത് പതിവാണ്. ഇത് പലപ്പോഴും ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. അടുത്ത് നിന്ന് പോലും  മനസിലാക്കാന്‍ കഴിയാത്തവിധമാണ് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ വാഹനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാറ്. ഇതെല്ലാം കണക്കിലെടുത്താണ് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നില്‍.

ഇംഗ്ലീഷ് വലിയ അക്ഷരം, അക്കങ്ങള്‍ എന്നിവയ്ക്ക പുറമേ മറ്റൊന്നും നമ്പര്‍ പ്ലേറ്റില്‍ അനുവദിക്കില്ല.പ്രാദേശിക ഭാഷയിലും മറ്റും രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ട്. ഇത് നിയമഭേദഗതി അനുസരിച്ച് നിയമവിരുദ്ധമാണ്. വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ വിഐപി നമ്പറുകള്‍ ലേലം ചെയ്യാന്‍ പാടുളളൂവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളുടെയും അക്ഷരങ്ങളുടെയും വലിപ്പത്തിലും നിയന്ത്രണമുണ്ട്. ഇരുചക്ര, മുചക്ര വാഹനങ്ങള്‍ ഒഴികെയുളളവയ്ക്ക് 65 എംഎം, 10, 10 എന്ന നിലയിലാണ് വീതിയും നീളവും നിഷ്‌കര്‍ഷിക്കുന്നത്. നമ്പര്‍ പ്ലേറ്റുകള്‍ക്ക് സമാനത വേണം. വായിക്കാന്‍ കഴിയുന്ന വിധമായിരിക്കണം നമ്പര്‍ പ്ലേറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com