2,892 കോടി രൂപയുടെ ബാധ്യത ; റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st July 2020 08:25 AM |
Last Updated: 31st July 2020 08:25 AM | A+A A- |
മുംബൈ: മുംബൈയിലെ റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു. മുംബൈ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്. തുക രണ്ടുമാസത്തിനകം തിരിച്ച് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് മെയ് അഞ്ചിന് നോട്ടീസ് നല്‍കിയിരുന്നു. തുക അടയ്ക്കാത്തതിനാലാണ് നടപടി.
21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭമിയിലാണ് റിലയന്‍സിന്റെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.
റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനിടെ പല ഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കോവിഡ് വ്യാപനംമൂലം അടച്ചിട്ടപ്പോള്‍ ജീവനക്കാരില്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്.