കൊറോണയ്ക്ക് തളര്‍ത്താനാവില്ല, ഇന്ത്യ വളര്‍ച്ച തിരികെപ്പിടിക്കും: മോദി

ഒരുവശത്ത് ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും, മറുവശത്ത് സമ്പദ് വ്യവസ്ഥയുടെ വേഗം. ഇതുരണ്ടും കണക്കിലെടുത്തുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്
കൊറോണയ്ക്ക് തളര്‍ത്താനാവില്ല, ഇന്ത്യ വളര്‍ച്ച തിരികെപ്പിടിക്കും: മോദി

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ വേഗം തിരികെപ്പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് മോദി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിനെ നേരിടാന്‍ രാജ്യം കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥയെക്കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ളതാണ് ഇന്ത്യ സ്വീകരിച്ച നടപടികള്‍. ഒരുവശത്ത് ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും, മറുവശത്ത് സമ്പദ് വ്യവസ്ഥയുടെ വേഗം. ഇതുരണ്ടും കണക്കിലെടുത്തുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്- മോദി പറഞ്ഞു.

രാജ്യത്തെ കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, സംരംഭകര്‍ എന്നിവരില്‍നിന്നുള്ള ലഭിക്കുന്ന പ്രതികരണം സൂചിപ്പിക്കുന്നത് ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ വേഗം തിരികെപ്പിടിക്കുമെന്നു തന്നെയാണ്. കൊറോണയ്ക്ക് ഇന്ത്യയുടെ വളര്‍ച്ച പതുക്കെയാക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ നമ്മള്‍ ലോക്ക് ഡൗണില്‍നിന്ന് അണ്‍ലോക്കിന്റെ ഒന്നാം ഘട്ടത്തിലേക്കു കടന്നിരിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ നല്ലൊരു ഭാഗവും ഇപ്പോള്‍ തുറന്നിട്ടുണ്ട്- മോദി ചൂണ്ടിക്കാട്ടി.

ഇന്റന്റ് (ഇച്ഛ), ഇന്‍ക്ലുഷന്‍ (ഉള്‍ക്കൊള്ളല്‍), ഇന്‍വെസ്റ്റ്‌മെന്റ് (നിക്ഷേപം), ഇന്‍ഫ്രാസ്ട്രക്ചര്‍ (അടിസ്ഥാന സൗകര്യം), ഇന്നൊവേഷന്‍ (നൂതനത്വം) എന്നിവയാണ് ഇന്ത്യയെ സാമ്പത്തിക വളര്‍ച്ചയുടെ പഴയ വേഗത്തില്‍ തിരിച്ചെത്തിക്കുക. നമ്മളെ സംബന്ധിച്ചിടത്തോളം പരിഷ്‌കരണങ്ങള്‍ എന്നാല്‍ ചിതറിയ തീരുമാനങ്ങളല്ല, അത് വ്യവസ്ഥാപിതമായി, ആസൂത്രണത്തോടെ എടുത്ത തീരുമാനങ്ങളാണ്. ഭാവിയെ മുന്നില്‍ കണ്ടാണ് അത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com