ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ജൂലൈ ഒന്നു മുതല്‍ എടിഎം സേവനം പൂര്‍ണമായി സൗജന്യമല്ല, പുതിയ വ്യവസ്ഥ

കോവിഡ് പശ്ചാത്തലത്തില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നല്‍കിയ ഇളവിന്റെ കാലാവധി അവസാനിക്കാന്‍ ഇനി നാലുദിവസം കൂടി മാത്രം
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ജൂലൈ ഒന്നു മുതല്‍ എടിഎം സേവനം പൂര്‍ണമായി സൗജന്യമല്ല, പുതിയ വ്യവസ്ഥ

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നല്‍കിയ ഇളവിന്റെ കാലാവധി അവസാനിക്കാന്‍ ഇനി നാലുദിവസം കൂടി മാത്രം. ജൂലൈ ഒന്നുമുതല്‍ പഴയ നില പുനഃസ്ഥാപിക്കും. അതായത് നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ചുമത്തിയിരുന്ന ചാര്‍ജ്ജുകള്‍ ബാങ്കുകള്‍ വീണ്ടും ഈടാക്കി തുടങ്ങും.

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മൂന്നു മാസത്തേയ്ക്ക് ഒരു വിധത്തിലുമുളള ചാര്‍ജ്ജും ഈടാക്കില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇത് ബാധകമാക്കിയത്. ഇതിന്റെ കാലാവധിയാണ് ജൂണ്‍ 30ന് അവസാനിക്കുന്നത്.

ജൂലൈ ഒന്നു മുതല്‍ പഴയ പോലെ ബാങ്കുകള്‍ ചാര്‍ജ്ജുകള്‍ ഈടാക്കി തുടങ്ങും. അതായത് വരും ദിവസങ്ങളില്‍ എടിഎം ഇടപാടുകള്‍ പഴയപോലെ ചെലവേറിയതാകും. വരും ദിവസങ്ങളില്‍ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവിന്റെ കാലാവധി നീട്ടുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് പ്രതിമാസം എട്ടു എടിഎം ഇടപാടുകളാണ് എസ്ബിഐ സൗജന്യമായി നല്‍കുന്നത്. ഇതില്‍ അഞ്ചെണ്ണം എസ്ബിഐ എടിഎമ്മില്‍ നിന്നുളള ഇടപാടിനാണ്. മറ്റു ബാങ്കുകളില്‍ നിന്ന് മൂന്നു തവണ സൗജന്യമായി പിന്‍വലിക്കാനും അനുവദിക്കുന്നുണ്ട്. ഇതിന് മുകളിലുളള ഓരോ ഇടപാടിനും ബാങ്ക് ഉപഭോക്താവില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com