സര്‍ക്കാരിന് വിശദീകരണം നല്‍കും; പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച്; പ്രതികരണവുമായി ടിക് ടോക്

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ടിക് ടോക്.
സര്‍ക്കാരിന് വിശദീകരണം നല്‍കും; പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച്; പ്രതികരണവുമായി ടിക് ടോക്

ന്യൂഡല്‍ഹി: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ടിക് ടോക്. തങ്ങള്‍ ഒരു വിവരവും ചൈനയ്ക്ക് കൈമാറുന്നില്ലെന്ന് വ്യക്തമാക്കിയ ടിക് ടോക്, ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന് വിശദീകരണം നല്‍കുമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ടിക് ടോക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി പറഞ്ഞു.

'ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴിലുള്ള എല്ലാ ഡാറ്റ സ്വകാര്യതയും പാലിച്ചാണ് ടിക് ടോക് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന ഉള്‍പ്പെടെയുള്ള ഒരു രാജ്യത്തിനും നല്‍കുന്നില്ല'- നിഖില്‍ ഗാന്ധി പ്രസ്താവനയില്‍ വ്യക്തമാക്കി.

'പതിനാല് ഭാഷകളില്‍ സേവനം നല്‍കിക്കൊണ്ട് ഇന്റര്‍നെറ്റിനെ കൂടുതല്‍ ജനകീയമാക്കിയത് ടിക് ടോക്കാണ്. ആര്‍ട്ടിസ്റ്റുകളും കഥ പറച്ചിലുകാരും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് പേര്‍ അവരുടെ ഉപജീവനത്തിനായി ടിക് ടോക് ഉപയോഗിച്ചിരുന്നു. അതില്‍ ഭൂരിഭാഗം ആളുകളും ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്'- നിഖില്‍ ഗാന്ധി പറഞ്ഞു.

ടിക് ടോക്കിന് കീഴിലുള്ള ബൈറ്റ്ഡാന്‍സും തങ്ങള്‍ ഡേറ്റ ചോര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ, പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് ആപ്ലിക്കേഷന്‍ നീക്കി.

ടിക് ടോകിന് പുറമേ ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസര്‍, യു കാം മേക്കപ്പ്, എംഐ കമ്യൂണിറ്റി, ന്യൂസ് ഡോഗ്, എക്‌സന്‍ഡര്‍, കാം സ്‌കാനര്‍, യുസി ന്യൂസ്്, വി ചാറ്റ്, യു വീഡിയോ, എംഐ വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com