ജീവനക്കാരോട് പുറത്തിറങ്ങരുതെന്ന് ട്വിറ്റർ; ജോലി വീട്ടിലിരുന്ന് മതിയെന്ന് ടെക്ക് ഭീമൻമാർ 

ലോകമെമ്പാടുമുള്ള 5,000ത്തോളം ജീവനക്കാരോട് ഓഫിസിലെത്തി ജോലിയിൽ പ്രവേശിക്കാതിരിക്കാൻ ട്വിറ്റർ മുന്നറിയിപ്പ് നൽകി
ജീവനക്കാരോട് പുറത്തിറങ്ങരുതെന്ന് ട്വിറ്റർ; ജോലി വീട്ടിലിരുന്ന് മതിയെന്ന് ടെക്ക് ഭീമൻമാർ 

മുപ്പത്തിയഞ്ചോളം രാജ്യങ്ങളിൽ കൂടി കൊറോണ റിപ്പോർട്ട് ചെയ്തതോടെ ലോകം ഒന്നടങ്കം വൈറസ് ഭീതിയിലാണ്. ഇത് ലോകോത്തര ടെക് കമ്പനികളെയടക്കം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് സോഷ്യൽ മീഡിയ ഭീമൻ ട്വിറ്ററടക്കം തീരുമാനമെടുത്തിരിക്കുന്നത്. 

ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് ട്വിറ്റർ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ജീവനക്കാരോട് ഇനി മുതൽ പുറത്തിറങ്ങേണ്ടെന്നാണ് കമ്പനിയുടെ നിർദേശം. ലോകമെമ്പാടുമുള്ള 5,000ത്തോളം ജീവനക്കാരോട് ഓഫിസിലെത്തി ജോലിയിൽ പ്രവേശിക്കാതിരിക്കാൻ ട്വിറ്റർ മുന്നറിയിപ്പ് നൽകി. ഇതിനുപുറമേ മറ്റു മുന്‍നിര ടെക് കമ്പനികളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് അറിയിച്ചിരിക്കുകയാണ്. 

കോവിഡ് -19 കൊറോണ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ട് അനിവാര്യമല്ലാത്ത ബിസിനസ്സ് യാത്രകളും ഇവന്റുകളും ട്വിറ്റർ അടക്കമുള്ളവർ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിവനക്കാരോട് ഓഫീസിൽ എത്തേണ്ടെന്ന മുന്നറിയിപ്പും വന്നിരിക്കുന്നത്. 

ചില അമേരിക്കൻ ടെക് കമ്പനികളും സമാനമായ നടപടി വരും ദിവസങ്ങളിൽ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. ഫെയ്സ്ബുക്കും ഗൂഗിളും ഉൾപ്പെടെയുള്ള സാങ്കേതിക രം​ഗത്തെ പ്രമുഖ കമ്പനികൾ യുഎസിലെ സമ്മേളനങ്ങൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ടെലികോം ഓപ്പറേറ്റർ എ ആൻഡ് ടി, ബാങ്കിങ് ഭീമൻ സിറ്റിഗ്രൂപ്പ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾ രാജ്യാന്തര യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com