ഇനി ദിവസങ്ങള്‍ മാത്രം...; നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കാകും!; മുന്നറിയിപ്പുമായി ആര്‍ബിഐ

കൈവശമുളള ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
ഇനി ദിവസങ്ങള്‍ മാത്രം...; നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കാകും!; മുന്നറിയിപ്പുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: കൈവശമുളള ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. മാര്‍ച്ച് 16ന് മുമ്പ് ഒരു തരത്തിലുമുളള ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയില്ലായെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ജനുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതായത് മേല്‍പ്പറഞ്ഞ സമയപരിധി കഴിഞ്ഞാല്‍ കൈവശമുളള കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ചുരുക്കം. എടിഎം, പിഒഎസ് പോലുളള നേരിട്ടുളള ഇടപാടുകള്‍ക്ക് മാത്രമായി കാര്‍ഡിന്റെ സേവനം ചുരുങ്ങുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്കും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.  ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ തുടര്‍ന്നുളള ഓണ്‍ലൈന്‍ സേവനം അവസാനിപ്പിക്കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.

അതായത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഡിസേബിള്‍ ചെയ്യുമെന്ന് അര്‍ത്ഥം. തുടര്‍ന്നും ഓണ്‍ലൈന്‍ സേവനം ലഭിക്കണമെങ്കില്‍ ബാങ്കില്‍ പ്രത്യേകമായി അപേക്ഷ നല്‍കേണ്ടി വരും. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍, രാജ്യത്തിനകത്തെ എടിഎമ്മുകള്‍, പിഒഎസ് ടെര്‍മിനലുകള്‍ എന്നിങ്ങനെ നേരിട്ടുളള ഇടപാടുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. അതായത് ഇത്തരം ഇടപാടുകള്‍ മാത്രം നടത്താന്‍ കഴിയും വിധമായിരിക്കണം കാര്‍ഡുകള്‍ അനുവദിക്കേണ്ടതെന്ന് ബാങ്കുകള്‍ക്കുളള നിര്‍ദേശത്തില്‍ പറയുന്നു. അതായത് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേകമായി ബാങ്കിന് അപേക്ഷ നല്‍കണം.

ഓണ്‍ലൈന്‍ എന്നോ, അന്താരാഷ്ട്രമെന്നോ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ ഇടപാടുകളിലും സ്വച്ച് ഓണ്‍ സ്വച്ച് ഓഫ് പോലുളള സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താവിനെ അനുവദിക്കണം. കാര്‍ഡിന്റെ പരിധി നിശ്ചയിക്കല്‍ ഉള്‍പ്പെടെയുളളതും ഈ സേവനത്തിന്റെ ഭാഗമാക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുളള വിവിധ മാധ്യമങ്ങള്‍ വഴി 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താന്‍ അനുവദിക്കണമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com