എസ്ബിഐ മിനിമം ബാലന്‍സ് ഒഴിവാക്കി, സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് ഇനി മൂന്നുശതമാനം പലിശ

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് ഒഴിവാക്കി
എസ്ബിഐ മിനിമം ബാലന്‍സ് ഒഴിവാക്കി, സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് ഇനി മൂന്നുശതമാനം പലിശ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് ഒഴിവാക്കി. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേപോലെ എല്ലാ സേവിങ്‌സ് നിക്ഷേപങ്ങളുടെയും പലിശനിരക്ക് 3 ശതമാനമാക്കി ഏകീകരിച്ചു. പ്രതിവര്‍ഷ നിരക്കാണിത്. 

പൊതുമേഖല ബാങ്ക് എന്ന നിലയില്‍ അക്കൗണ്ട് നിലനിര്‍്ത്താന്‍ മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ നടപടി ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ പോലും മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയതാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണ്ടതില്ല എന്ന തീരുമാനമാണ് കൈക്കൊണ്ടത്.

ഗ്രാമീണ മേഖലകളില്‍ ആയിരവും സെമി അര്‍ബന്‍ മേഖലകളില്‍ രണ്ടായിരവുമായിരുന്നു ഇതുവരെയുളള മിനിമം ബാലന്‍സ്. ഇത് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴയും ചുമത്തിയിരുന്നു. എസ്ബിഐ വായ്പാ നിരക്കും കുറച്ചിട്ടുണ്ട്. എംസിഎല്‍ആറിലാണ് (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് വായ്പ നിരക്ക്) 15 അടിസ്ഥാന നിരക്കിന്റെ വരെ കുറവ് വരുത്തിയത്. മാര്‍ച്ച് 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

നടപ്പുസാമ്പത്തികവര്‍ഷം തുടര്‍ച്ചയായി പത്താം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ കുറയ്ക്കുന്നത്. ഒരു വര്‍ഷം വരെയുളള എംസിഎല്‍ആര്‍ ഇതോടെ 7.75 ശതമാനമായി. നേരത്തെ ഇത് 7.85 ശതമാനമായിരുന്നു. ഒരു മാസം വരെ കാലാവധിയുളള എംസിഎല്‍ആറില്‍ 15 അടിസ്ഥാന നിരക്കിന്റെ കുറവാണ് വരുത്തിയത്. ഇതോടെ 7.65 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി നിരക്ക്. രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ കാലാവധിയുളള എംസിഎല്‍ആര്‍ നിരക്കുകളില്‍ 10 അടിസ്ഥാന നിരക്കിന്റെ വീതം കുറവാണ് വരുത്തിയത്. 

വാഹന, ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ നിരക്ക്. ഈ മേഖലകളുടെ ഉണര്‍വ് സാധ്യമാക്കാന്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാവണമെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐയുടെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com