ഒരു മാസം കൊണ്ട് ഒഴുകിപ്പോയത് 33 ലക്ഷം കോടി, ഓഹരിവിപണിയില്‍ വീണ്ടും കറുത്തദിനം; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച, സെന്‍സെക്‌സ് 3000 പോയന്റ് ഇടിഞ്ഞു

കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഹരിവിപണി കൂപ്പുകുത്തി
ഒരു മാസം കൊണ്ട് ഒഴുകിപ്പോയത് 33 ലക്ഷം കോടി, ഓഹരിവിപണിയില്‍ വീണ്ടും കറുത്തദിനം; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച, സെന്‍സെക്‌സ് 3000 പോയന്റ് ഇടിഞ്ഞു

മുംബൈ: കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഹരിവിപണി കൂപ്പുകുത്തി. ഊര്‍ജ്ജ, ബാങ്കിങ്, മെറ്റല്‍, ഐടി, ഫാര്‍മ്മ ഓഹരികളിലാണ് ഏറ്റവുമധികം നഷ്ടം ഉണ്ടായത്.മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 2919 പോയന്റ് നഷ്ടത്തോടെ 32,778 പോയന്റില്‍ വ്യാപാരം അവസാനിച്ചു. നിഫ്റ്റിയിലുണ്ടായ നഷ്ടം 869 പോയന്റാണ്. മാസങ്ങള്‍ക്ക് ശേഷം നിഫ്റ്റി 10000 പോയന്റില്‍ താഴെ എത്തി എന്നത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഒരു മാസം മുന്‍പുളള കണക്കുകളുമായി താരതമ്യം ചെയ്താല്‍ നിക്ഷേപകര്‍ക്ക് 33 ലക്ഷത്തിന്റെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞദിവസം കൊറോണ ഭീതിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞത് വിപണിയില്‍ ആഘാതം സൃഷ്ടിച്ചിരുന്നു. കനത്ത നഷ്ടമാണ് നേരിട്ടത്. റിലയന്‍സ് പോലുളള ഊര്‍ജ്ജ ഓഹരികളാണ് മുഖ്യമായി നഷ്ടമായി നേരിട്ടത്. ഇന്നലെ തിരിച്ചുവന്ന വിപണിയാണ് ഇന്ന് വീണ്ടും കൂപ്പുകുത്തിയത്. 

ബിപിസിഎല്‍, യുപിഎല്‍, യെസ് ബാങ്ക്, വേദാന്ത, ഗെയില്‍ ഓഹരികളാണ് മുഖ്യമായി നഷ്ടം നേരിട്ടത്. ഊര്‍ജ്ജ ഓഹരികളില്‍ മാത്രം 10 ശതമാനത്തിന്റെ ഇടിവുണ്ടായി. യെസ് ബാങ്ക് പ്രതിസന്ധിയില്‍ ബാങ്കിങ് ഓഹരികളിലും തിരിച്ചടിയുണ്ടായി. 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളവിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും നഷ്ടത്തില്‍ വ്യാപാരം അവസാനിച്ചത്. 

ഒരു മാസം മുന്‍പത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സെന്‍സെക്‌സില്‍ 8000 പോയന്റിന്റെ ഇടിവാണ് ഉണ്ടായത്. നിഫ്റ്റിയില്‍ ഉണ്ടായ തിരുത്തല്‍ 2433 പോയന്റിന്റേതാണ്. 33 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ നിക്ഷേപകര്‍ക്ക് ഉണ്ടായ നഷ്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com