സ്വര്‍ണവില തിരിച്ചുകയറി; 30,000ന് മുകളില്‍ 

കൊറോണ ഭീതിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആടിയുലഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി
സ്വര്‍ണവില തിരിച്ചുകയറി; 30,000ന് മുകളില്‍ 

കൊച്ചി: കൊറോണ ഭീതിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആടിയുലഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 480 രൂപ വര്‍ധിച്ച് 30,080 രൂപയായി. 80 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3820 രൂപയായി. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും യുഎസ് ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ട തീരുമാനങ്ങളും ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാന്‍ സഹായകമായി. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമായത്.

ഇന്നലെ മാത്രം രണ്ടുതവണകളായി സ്വര്‍ണവില പവന് ആയിരം രൂപയാണ് കുറഞ്ഞത്.  ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍  എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ തിരിച്ചുവരവ്. സ്വര്‍ണവില വീണ്ടും 30,000 കടന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പൊടുന്നനെ കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ ആറിന് 32,320 ആയിരുന്ന പവന്‍ വില നാലു ദിവസം ആ നിലയില്‍ തുടര്‍ന്ന ശേഷം കുത്തനെ കുറഞ്ഞു. പത്തിന് വില 32,120 രൂപയില്‍ എത്തി. പിറ്റേന്ന് 32,000 ആയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ 31,800, 30,600, 30,320 എന്നിങ്ങനെ താഴുകയായിരുന്നു. തിങ്കളാഴ്ച 30600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെന്ന വിശ്വാസം ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഉത്തേജക പാക്കേജാണ് സ്വര്‍ണവിപണിയെ സ്വാധീനിച്ചത്. ഇതിന് പുറമേ വിപണിയില്‍ പണലഭ്യത കൂടുതല്‍ ഉറപ്പാക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച നടപടികളും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. 2008ല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍  സ്വീകരിച്ച നടപടികള്‍ പുനരാരംഭിക്കുകയാണ് ഫെഡറല്‍ റിസര്‍വ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com