ഇനി ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം, സര്‍വീസ് ചാര്‍ജ്ജ് ഇല്ല, മിനിമം ബാലന്‍സും വേണ്ട; പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

വരുന്ന മൂന്ന് മാസ കാലയളവിലാണ് ഇളവ് അനുവദിച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
ഇനി ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം, സര്‍വീസ് ചാര്‍ജ്ജ് ഇല്ല, മിനിമം ബാലന്‍സും വേണ്ട; പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ദുരിതത്തില്‍ ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. എടിഎമ്മുകളുടെ സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കി. അതായത് ഏത് എടിഎമ്മില്‍ നിന്നും സര്‍വീസ്  ചാര്‍ജ്ജ് ഈടാക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും. വരുന്ന മൂന്ന് മാസ കാലയളവിലാണ് ഇളവ് അനുവദിച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അക്കൗണ്ട് നിലനിര്‍ത്താന്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വിവിധ ബാങ്കുകള്‍ പിഴ ചുമത്തിയിരുന്നു. ഇനി മുതല്‍ ഈ വ്യവസ്ഥ ഉണ്ടായിരിക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അടുത്തിടെ എസ്ബിഐ ഈ വ്യവസ്ഥ എടുത്തുകളഞ്ഞിരുന്നു. 

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി .കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 30ലേക്കാണ് നീട്ടിയത്. നേരത്തെ മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്.

2018-19 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30ലേക്കാണ് നീട്ടിയത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പിഴയും കുറച്ചിട്ടുണ്ട്. വൈകി അടയ്ക്കുന്നതിനുളള പിഴ 12 ശതമാനത്തില്‍ നിന്ന് ഒന്‍പതു ശതമാനമായാണ് കുറച്ചത്. 

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുളള കാലാവധിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് നീട്ടിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേണിന്റെ കാലാവധിയാണ് നീട്ടിയത്. മേയ് 30 വരെയുളള ജിഎസ്ടി റിട്ടേണ്‍ ജൂണ്‍ 30 വരെ അടയ്ക്കാമെന്ന്  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചുകോടിയില്‍ താഴെ അറ്റദായമുളള കമ്പനികള്‍ക്ക് പിഴയോ ലേറ്റ് ഫീയോ ഇല്ല. ഇതിന് മുകളിലുളള കമ്പനികളുടെ പിഴ ഒന്‍പതു ശതമാനം മാത്രമായിരിക്കുമെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com