ലോക്ക്ഡൗണില്‍ ഇന്ത്യയ്ക്ക് നഷ്ടം ഒന്‍പത് ലക്ഷം കോടി രൂപ, വളര്‍ച്ചാനിരക്ക് കൂപ്പുകുത്തും; സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമെന്ന് വിദഗ്ധര്‍ 

 കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ:  കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍. ഏകദേശം ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ജിഡിപിയുടെ നാലുശതമാനം വരും .

രാജ്യം 21 ദിവസം അടച്ചുപൂട്ടുന്നത് ഇന്ത്യയുടെ വളര്‍ച്ചാ കണക്കുകളെയും ബാധിക്കും. ജിഡിപി നിരക്ക് താഴുന്നതിന് ഇടയാക്കും. ഇതില്‍ നിന്ന് മോചനം നേടാന്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞദിവസമാണ് കോവിഡ് വ്യാപനം തടയുന്നതിന് വരുന്ന 21 ദിവസം രാജ്യമൊട്ടൊകെ അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ഇത് മൂലം സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നഷ്ടം ജിഡിപിയുടെ നാലുശതമാനം ആയിരിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയിസ് കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്കും കുറച്ചു. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് കേവലം 3.5 ശതമാനമായിരിക്കുമെന്നാണ് ബാര്‍ക്ലെയിസിന്റെ അനുമാനം. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെയുളള അനുമാനത്തില്‍ നിന്ന് 1.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.

കോവിഡ് ദുരിതം സമ്പദ് വ്യവസ്ഥയെ ബാധിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 3ന് ചേരുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗം നിര്‍ണായകമാണ്. വായ്പ നിരക്ക് അവലോകനം ചെയ്യുന്നതിന് രണ്ടുമാസം കൂടുമ്പോള്‍ ചേരുന്ന യോഗത്തില്‍ പലിശനിരക്കില്‍ കുറവ് വരുത്തുമെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.  ആര്‍ബിഐ 0.65 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് ബാര്‍ക്ലെയിസിന്റെ അനുമാനം. ഈ വര്‍ഷം തന്നെ വീണ്ടും ഒരു ശതമാനം വരെ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമെന്നും ബാര്‍ക്ലെയിസ് കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com