ഇനി മദ്യം വീടുകളില്‍ എത്തും, സ്വിഗ്ഗി പ്രവര്‍ത്തനം തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st May 2020 03:12 PM |
Last Updated: 21st May 2020 03:12 PM | A+A A- |

റാഞ്ചി: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി മദ്യം വീട്ടില്‍ എത്തിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചു. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന് സഹകരണം തേടി വിവിധ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നും സ്വിഗ്ഗി അറിയിച്ചു.
റാഞ്ചിക്ക് പുറമേ ഝാര്‍ഖണ്ഡിലെ മറ്റു നഗരങ്ങളിലും ഒരാഴ്ചക്കകം സേവനം ലഭ്യമാക്കും. വൈന്‍ ഷോപ്പുകള്‍ വഴിയാണ് മദ്യ വിതരണം സാധ്യമാക്കുക.മദ്യവിതരണം നിയമാനുസൃതമാണ് എന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. പ്രായം അടക്കമുളള തിരിച്ചറിയല്‍ നടപടികള്‍ മദ്യം വീടുകളില്‍ എത്തിക്കുന്നതിന് വേണ്ടി സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി.
മദ്യ വിതരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ പ്രോസസിംഗ് ഉള്‍പ്പെടെയുളള നടപടികളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുമായുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. മദ്യം വീടുകളില്‍ എത്തിക്കുന്നതിന് സഹകരണം തേടിയാണ് വിവിധ സംസ്ഥാനങ്ങളെ സമീപിച്ചിരിക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ മദ്യം എത്തിക്കുന്ന സേവനം അധിക വരുമാനം നേടി തരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കൂടാതെ സാമൂഹിക അകലം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് വഴി കഴിയുമെന്നും സ്വിഗ്ഗി വൈസ് പ്രസിഡന്റ് അനുജ് രതി പറയുന്നു.