കോവിഡ് കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, ഈ പിഴവുകള്‍ നിങ്ങളെ കടക്കാരനാക്കും!; മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st May 2020 11:06 AM |
Last Updated: 21st May 2020 11:06 AM | A+A A- |

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം പുരോഗമിക്കുകയാണ്. നാലാംഘട്ട നിയന്ത്രണത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കും ബാധകമാണ്. എന്നാല്‍ ഇക്കാലയളവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെയുളള മൂന്നുമാസ കാലയളവിലാണ് റിസര്‍വ് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. സ്ഥിരമായി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നവര്‍ക്കും ഇത് ബാധകമാണ്. അതായത് ഈ മൂന്നുമാസ കാലയളവില്‍ ഇടപാടുകാര്‍ ബില്‍ അടയ്‌ക്കേണ്ടതില്ല. ഇതിന് ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരില്ല എന്ന് സാരം. എന്നാല്‍ പണം കൈവശമുളളവര്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ യഥാസമയം അടച്ചുപോകുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ലേറ്റ് ഫീ ഈടാക്കുന്നില്ലെങ്കിലും മാസംതോറും ലഭിക്കേണ്ട തുകയ്ക്ക് ബാങ്കുകള്‍ പലിശ ഈടാക്കും. നാമമാത്രമായ പലിശയാണ് ഈടാക്കുക. അതായത് മൂന്നുമുതല്‍ നാലുശതമാനം വരെയാണ് ഈടാക്കുന്നത്.അതിനിടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങാന്‍ തയ്യാറായാല്‍ പലിശ ഗണ്യമായി ഉയരാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഭാവിയില്‍ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്ലാത്തവര്‍ ബില്‍ തുക അടച്ചുപോകുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ചുവരികയാണ്. ഇതിന്റെ ചുവടുപിടിച്ച് അടുത്തക്കാലത്തായി ഇ-കോമേഴ്‌സ് സൈറ്റുകള്‍ വഴിയുളള വില്‍പ്പന വര്‍ധിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്. പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പല വാങ്ങലുകളും നടക്കുന്നത്. അവശ്യവസ്തുക്കള്‍ക്ക് പുറമേയുളള ഉത്പന്നങ്ങള്‍ വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡ് വ്യാപകമായി ഉപയോഗിക്കുന്നത് സാമ്പത്തിക ബാധ്യതയാകുമെന്നും വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആസൂത്രണമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് വലിയ തോതിലുളള കടബാധ്യതയ്ക്ക് ഇടയാക്കും. അതിനാല്‍ ഭാവി മുന്‍കൂട്ടി കണ്ട് ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ തയ്യാറാകണം.
കോവിഡ് കാലത്ത് തട്ടിപ്പുകളും വര്‍ധിച്ചു വരുന്നുണ്ട്. വിവരങ്ങള്‍ ഹാക്ക് ചെയ്ത് തട്ടിപ്പുകള്‍ നടത്തുന്നതായുളള റിപ്പോര്‍ട്ടുകള്‍ നിരവധിയാണ് പുറത്തുവരുന്നത്. അതിനാല്‍ കോവിഡ് കാലത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് കാണാതെ പോയാല്‍ ഉടന്‍ തന്നെ ബാങ്കിനെ അറിയിക്കാനും ശ്രദ്ധിക്കണം. കോവിഡ് കാലത്ത് റീവാര്‍ഡ് പോയിന്റുകള്‍ പ്രയോജനപ്പെടുത്താനും തയ്യാറാകണം. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലാത്തപക്ഷം കാര്‍ഡിന്റെ കാലാവധി തീരുന്ന മുറയ്ക്ക് റീവാര്‍ഡുകളും നഷ്ടപ്പെടാന്‍ ഇടയാക്കും.