വായ്പ മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി; പലിശ ഗഡുക്കളായി നല്‍കാന്‍ സൗകര്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd May 2020 10:51 AM |
Last Updated: 22nd May 2020 10:51 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി. ഓഗസ്റ്റ് 31 വരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മൊറട്ടോറിയം കാലത്തെ പലിശ അടയ്ക്കുന്നതിലും ഇളവ് പ്രഖ്യാപിച്ചു. തവണകളായി അടയ്ക്കാനുളള സൗകര്യമാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയത്.
കോവിഡ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന്് മാര്‍ച്ചിലാണ് ആദ്യമായി റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മെയ് 31 വരെയാണ് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ തുടര്‍ച്ചയായി നീട്ടിയ പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന്് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് നടപടി. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനായി ക്രെഡിറ്റ് കാലയളവ് ഒരു വര്‍ഷത്തില്‍ നിന്ന് 15 മാസമായി ഉയര്‍ത്തി. ഇതടക്കം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പ്രഖ്യാപനങ്ങളും റിസര്‍വ് ബാങ്ക് നടത്തിയിട്ടുണ്ട്.
പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ കുറച്ചതാണ് മറ്റൊരു സുപ്രധാന നടപടി. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയായ റിപ്പോയില്‍ 40 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് 4 ശതമാനമായി.
റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്കായ റിവേഴ്‌സ് റിപ്പോനിരക്കിലും 40 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിവേഴ്‌സ് റിപ്പോനിരക്ക് 3.35 ശതമാനമായി. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.
ഏപ്രില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിവേഴ്‌സ് റിപ്പോനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. അതായത് 3.75 ശതമാനമായി നിരക്ക് പുതുക്കി നിശ്ചയിച്ചു. മാര്‍ച്ചില്‍ 90 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും റിവേഴ്‌സ് റിപ്പോനിരക്കില്‍ കുറവ് വരുത്തിയത്.
കഴിഞ്ഞ മാസം റിപ്പോനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. മാര്‍ച്ചില്‍ 75 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതാണ് വീണ്ടും കുറച്ചത്.