പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍; പ്രധാനമന്ത്രി വയ വന്ദന യോജന, പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ

60 വയസിന് മുകളിലുളളവര്‍ക്ക് ആരുടെയും മുന്‍പില്‍ കൈനീട്ടാതെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി വയ വന്ദന യോജന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏറെ പരിഗണന ലഭിക്കേണ്ട വിഭാഗമാണ് മുതിര്‍ന്ന പൗരന്മാര്‍. 60 വയസിന് മുകളിലുളളവര്‍ക്ക് ആരുടെയും മുന്‍പില്‍ കൈനീട്ടാതെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി വയ വന്ദന യോജന. അടുത്തിടെ ഇതില്‍ ചേരുന്നതിനുളള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. മാര്‍ച്ച് 2023 വരെയുളള കാലയളവില്‍ എപ്പോള്‍ വേണമെങ്കില്‍ പദ്ധതിയില്‍ ചേരാനുളള സൗകര്യമാണ് ഉറപ്പാക്കിയത്. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത പ്ലാന്‍ ആയതുകൊണ്ട് തന്നെ നഷ്ടസാധ്യത ഇല്ല. റി്‌ട്ടേണ്‍ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണീയത.

സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണ് വയ വന്ദന യോജന. നിശ്ചിത നിരക്കില്‍ പത്തുവര്‍ഷ കാലയളവില്‍ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. 60ഉം 60 വയസിന് മുകളിലുളളവരെയും ഉദ്ദേശിച്ചുളളതാണ് പദ്ധതി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.

2017ലാണ് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിമാസം, മൂന്നു മാസം കൂടുമ്പോള്‍, പ്രതിവര്‍ഷം എന്നിങ്ങനെ ഏത് ഓപ്ഷനും തെരഞ്ഞെടുക്കാം. അതായത് നിശ്ചിത നിരക്കില്‍ ലഭിക്കേണ്ട തുക ഇഷ്ടമുളള കാലയളവ് തെരഞ്ഞെടുത്ത് പിന്‍വലിക്കാം എന്ന് അര്‍ത്ഥം.

വര്‍ഷം തോറും 7.4 ശതമാനം റിട്ടേണ്‍ ഉറപ്പായും ലഭ്യമാക്കുന്നതാണ് പദ്ധതി. പത്തുവര്‍ഷമാണ് കാലാവധി. മാസം തോറും പെന്‍ഷന്‍ പോലെ പണം പിന്‍വലിക്കാമെന്നതാണ്് പദ്ധതിയുടെ പ്രത്യേകത. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ പലിശ നിരക്ക് ധനമന്ത്രാലയം തീരുമാനിക്കും. പണം നിക്ഷേപിക്കുന്നതിന് അനുസരിച്ച് മാസം തോറും ലഭിക്കുന്ന പെന്‍ഷന്‍ തുകയുടെ തോതും മാറും. കുറഞ്ഞത് ആയിരം രൂപ പെന്‍ഷനായി പിന്‍വലിക്കാന്‍ കഴിയുന്നതാണ് പദ്ധതി. പരമാവധി 10000 രൂപ വരെ പ്രതിമാസം പിന്‍വലിക്കാനും പദ്ധതി വഴി സാധിക്കും.

ആരോഗ്യപരമായ അടിയന്തര സാഹചര്യം വന്നാല്‍ പര്‍ച്ചേസ് പ്രൈസിന്റെ 98 ശതമാനവും തിരികെ നല്‍കും. അത് സ്വന്തം എന്ന പോലെ തന്നെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇതിന് അര്‍ഹതയുണ്ട്. പദ്ധതി കാലയളവിനിടെ മരണം സംഭവിച്ചാല്‍ പര്‍ച്ചേസ് പ്രൈസ് മുഴുവനായി നോമിനിക്ക് ലഭ്യമാക്കും.ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാവുന്നതാണ്. എല്‍ഐസിയുടെ വെബ്‌സൈറ്റില്‍ പോയി പെന്‍ഷന്‍ പ്ലാനിനായി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com