ഒറ്റദിവസം കൊണ്ട് നഷ്ടമായത് ഒരു ലക്ഷം കോടി; കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മുകേഷ് അംബാനി 

സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 15 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 15 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച റിലയന്‍സിന്റെ ഓഹരിവിലയില്‍ 8.62 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ, കമ്പനിയുടെ വിപണിമൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. 

കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയില്‍ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. റിലയന്‍സിന്റെ വിപണിമൂല്യം കുറഞ്ഞതോടെ, ഫോബ്സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 71.5 ബില്യണ്‍ ഡോളറായി താഴ്ന്നു.കഴിഞ്ഞദിവസം ബിഎസ്ഇയില്‍ ഓഹരി വില 8.62ശതമാനം താഴ്ന്ന് 1,877 നിലവാരത്തിലാണ് എത്തിയത്. കമ്പനിയുടെ വിപണിമൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം. 

ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപമായെത്തിയതിനെതുടര്‍ന്ന് ഓഹരി വില 2369 രൂപവരെ ഉയര്‍ന്നിരുന്നു. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയില്‍നിന്നായിരുന്നു ഈ കുതിപ്പ്. ഇലോണ്‍ മസ്‌കാണ് ഫോബ്സിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്. ആസ്തി 76.2 ബില്യണ്‍ ഡോളറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com