ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനായി പെന്‍ഷന്‍കാര്‍ ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട!, വീട്ടുപടിക്കല്‍ എത്തും, ആപ്പ് റെഡി, വിശദാംശങ്ങള്‍ 

കോവിഡ് കാലത്ത് പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനായി ഇനി മുതിര്‍ന്നവര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനായി ഇനി മുതിര്‍ന്നവര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വീട്ടുപടിക്കല്‍ നല്‍കുന്നതിനുള്ള സേവനം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. പോസ്റ്റ്മാന്‍ മുഖാന്തരമാണ് സേവനം ലഭ്യമാക്കുക. ഇതോടെ വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കും.

പെന്‍ഷന്‍കാരുടെ ക്ഷേമത്തിന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കാണ് സേവനം ലഭ്യമാക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പെന്‍ഷന്‍ ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയറും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സേവനം ലഭ്യമാക്കിയതിന് പിന്നാലെയാണ് പെന്‍ഷന്‍കാരുടെ ക്ഷേമം ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് പുതിയ നടപടി കൈക്കൊണ്ടത്.

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി മുതിര്‍ന്നവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ പേരിലുള്ള പോസ്റ്റ് ഇന്‍ഫോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് സര്‍വീസ് റിക്വസ്റ്റ് നല്‍കി വേണം മുന്നോട്ടുപോകാന്‍.പേരും മേല്‍വിലാസവും നല്‍കിയ ശേഷം ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ക്ലിക്ക് ചെയ്യാം. ഒടിപി നല്‍കിയ ശേഷമാണ് ഓണ്‍ലൈന്‍ സേവനം പൂര്‍ണമാകൂ. തുടര്‍ന്ന് രണ്ടു ദിവസത്തിനകം പ്രദേശത്തുള്ള പോസ്റ്റ്മാന്‍ വീട്ടില്‍ വന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതോടെയാണ് നടപടി പൂര്‍ത്തിയാകുക.

പോസ്റ്റ്‌മോന്‍ വീട്ടില്‍ വരുന്ന സമയത്ത് ആധാര്‍ നമ്പര്‍, പിപിഒ നമ്പര്‍, പെന്‍ഷന്‍ വിശദാംശങ്ങള്‍ എന്നിവ കൈയില്‍ കരുതണം. വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം മുതിര്‍ന്ന പൗരന്റെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്ത ശേഷമാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലായി നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com