പുതിയ രൂപത്തില്‍ പബ്ജി എത്തുന്നു; അനാവശ്യമായി സമയം കളയുന്നത് ഒഴിവാക്കാന്‍ പുതിയ ഫീച്ചര്‍

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പബ്ജി ഗെയിം പുതിയ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പബ്ജി ഗെയിം പുതിയ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കാനാണ് മൊബൈല്‍ ഗെയിം വികസിപ്പിച്ച പബ്ജി കോര്‍പ്പറേഷന്റെ തീരുമാനം. 

സുരക്ഷാ കാരണങ്ങളാല്‍ സെപ്റ്റംബറിലാണ് യുവജനങ്ങളുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ചൈനീസ് ഗെയിമിങ്ങ് ആപ്പ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി. നിരോധിച്ചതിന് പിന്നാലെ ചൈനീസ്  കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് മാതൃകമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍ പ്രഖ്യാപനം നടത്തിയിരുന്നു.

ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ ഗെയിം അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് കമ്പനി അറിയിച്ചു.  പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലുള്ള ഗെയിം ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്ക് പരമാവധി പ്രാധാന്യം നല്‍കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചാണ് പുതിയ ഗെയിം ഒരുക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഗെയിമിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തും. പ്രാദേശിക  പ്രതീതി തോന്നുന്നവിധം ഉള്ളടക്കം പരിഷ്‌കരിക്കും. വിര്‍ച്വല്‍ സിമുലേഷന്‍ തുടങ്ങി പുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.ഗെയിമിന്റെ സമയം നിയന്ത്രിക്കുന്നതിനുള്ള ഫീച്ചറും പുതുതായി അവതരിപ്പിക്കുമെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com