ഗൂഗിള്‍ പേയില്‍ പണം കൈമാറാന്‍ ഫീസ് ഈടാക്കുമോ? വിശദീകരണവുമായി കമ്പനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2020 02:37 PM |
Last Updated: 25th November 2020 02:37 PM | A+A A- |

ന്യൂഡൽഹി: ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ല. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്നും ഗൂഗിൾ വ്യക്തമാക്കി.
തല്‍ക്ഷണ പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ ചാർജ്ജുകൾ അമേരിക്കയിൽ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങൾക്ക് തടസ്സമാകില്ലെന്നും ഗുഗിൾ വക്താവ് അറിയിച്ചു.
അടുത്തവർഷം ആൻഡ്രോയിഡ്, ഐഓഎസ് വേർഷനുകൾക്കായി പുതിയ ഗുഗിൾ പേ ആപ്പ് അവതരിപ്പിക്കുമെന്നും വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ മുമ്പ് അറിയിച്ചിരുന്നു.