ഇനി എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാം, ഡിസംബറില്‍ പ്രാബല്യത്തില്‍; ആര്‍ടിജിഎസിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഓണ്‍ലൈന്‍ പണമിടപാട് സുഗമമാക്കാന്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ പണമിടപാട് സുഗമമാക്കാന്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്.ആര്‍ടിജെഎസ് വഴി  24 മണിക്കൂറും പണം കൈമാറാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഡിസംബറില്‍ ഇത് നിലവില്‍ വരുമെന്ന് പണവായ്പ നയ പ്രഖ്യാപന വേളയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറ്റൊരു ഓണ്‍ലൈന്‍ ഫണ്ട് കൈമാറ്റ രീതിയായ നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) സംവിധാനം 24 മണിക്കൂറായി പരിഷ്‌കരിച്ചിരുന്നു.

പണം കൈമാറുന്നതിന് പരിധിയില്ല എന്നതാണ് ആര്‍ടിജിഎസിന്റെ സവിശേഷത. റിസര്‍വ് ബാങ്ക് കൂടി അറിഞ്ഞ് കൊണ്ടാണ് പണം കൈമാറുന്നത് എന്നതിനാല്‍ റദ്ദാക്കപ്പെടുമെന്ന ഭയവും വേണ്ട. നിലവില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുളള സമയത്താണ് ആര്‍ടിജിഎസ് ഇടപാട് നടത്താന്‍ അനുവാദം ഉളളത്. ബാങ്കുകളുടെ നയം അനുസരിച്ച് സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.

വലിയ തോതിലുളള പണമിടപാടുകള്‍ക്കാണ് ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുന്നത്. രണ്ടുലക്ഷം രൂപയാണ് കുറഞ്ഞ പരിധി. പണം കൈമാറുന്നതിന് ഉയര്‍ന്ന പരിധിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എത്ര വലിയ തുകയും ഓണ്‍ലൈന്‍ വഴി കൈമാറാനുളള സൗകര്യമാണ് ഇത് വഴി ഉപഭോക്താവിന് ലഭിക്കുന്നത്.

ഇന്ത്യന്‍ ധനകാര്യ മേഖലയെ ആഗോളതലവുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ആഭ്യന്തര കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യാന്തര പണമിടപാടുകള്‍ എളുപ്പം സാധ്യമാക്കാന്‍ ഇതുവഴി സാധിക്കും.ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com