മൊറട്ടോറിയം: നവംബര്‍ അഞ്ചിനകം തുക അക്കൗണ്ടില്‍, കര്‍ശന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ കൂട്ടുപലിശ ഒഴിവാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം
മൊറട്ടോറിയം: നവംബര്‍ അഞ്ചിനകം തുക അക്കൗണ്ടില്‍, കര്‍ശന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

മുംബൈ: വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ കൂട്ടുപലിശ ഒഴിവാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നുമുതല്‍ ആറുമാസ കാലയളവിലേക്കാണ് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടു കോടി രൂപ വരെയുളള വായ്പകളുടെ തിരിച്ചടവിന് മേലുളള കൂട്ടുപലിശ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിന്റെ ചുവടുപിടിച്ചാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മറികടക്കുന്നതിനായാണ് വായ്പ തിരിച്ചടവിന് ആറുമാസ കാലയളവിലേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൊറട്ടോറിയം കാലാവധി തീരുന്ന മുറയ്ക്ക് ബാങ്കുകള്‍ കൂട്ടുപലിശ ഈടാക്കി തുടങ്ങിയതോടെ, ഇതിനെതിരെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു. കൂട്ടുപലിശ ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കൂട്ടുപലിശ ഒഴിവാക്കാന്‍ തീരുമാനിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

നവംബര്‍ അഞ്ചിനകം പലിശയും കൂട്ടുപലിശയും തമ്മിലുളള അന്തരം എക്‌സ് ഗ്രേഷ്യയായി തിരിച്ച് ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുളള കാലയളവാണ് ഇതിന് ബാധകമാകുക. ഇതിന്റെ തുടര്‍ച്ചയായാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com