വോഡഫോണ്‍ ഐഡിയ ഇനി മുതല്‍ 'വി'; ജിയോയേയും എയര്‍ടെലിനെയും മറികടക്കാന്‍ പുതിയ പദ്ധതികള്‍

ഇന്ത്യയില്‍ കമ്പനിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം
വോഡഫോണ്‍ ഐഡിയ ഇനി മുതല്‍ 'വി'; ജിയോയേയും എയര്‍ടെലിനെയും മറികടക്കാന്‍ പുതിയ പദ്ധതികള്‍

ടെലകോം കമ്പനിയായ വോഡഫോണ്‍ ഐഡിയ ഇനിമുതല്‍ 'വി' (Vi) എന്ന പുതിയ ബ്രാന്റ് നെയിമില്‍. ഇന്ത്യയില്‍ കമ്പനിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ഡിജിറ്റല്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ പരിശ്രമിക്കുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

രണ്ട് വര്‍ഷം മുമ്പാണ് പ്രധാനപ്പെട്ട ടെലകോം കമ്പനികളായ വോഡഫോണും ഐഡിയയും ഒരുമിച്ചത്. പുതിയ ബ്രാന്റ് നെയിം പുറത്തിറക്കിയതോടെ, കമ്പനിയുടെ ഓഹരി നാല് ശതമാനം ഉയര്‍ന്നു. 

നികുതി കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 25,000കോടി വരുമാനം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. 

58,254കോടി നികുതി കുടിശ്ശിക അടയ്ക്കണമെന്നാണ് സുപ്രീംകോടതി വോഡഫോണ്‍ ഐഡിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 7,854കോടി രൂപ  അടച്ചിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കമ്പനിക്ക് 25,460കോടി രൂപയുടെ വരുമാന നഷ്ടമാണ് സംഭവിച്ചത്. നികുതി അടച്ചുതീര്‍ക്കാന്‍ കമ്പനിക്ക് സുപ്രീംകോടതി പത്തുവര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. 

റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുടെ ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും പുതിയ പദ്ധതികള്‍. ലോകത്തെ വലിയ ടെലകോം കമ്പനികളുടെ ഏകീകരണം മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും കരുത്തുറ്റ 4 ജി നെറ്റുവര്‍ക്കിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര ഡിജിറ്റല്‍ അനുഭവം ഒരുക്കും കൂടിയാണെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ രവീന്ദര്‍ താക്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com