ഒക്ടോബറോടെ വീട്ടുപടിക്കല്‍ എത്തും; സേവനം വിപുലീകരിക്കാന്‍ ഒരുങ്ങി പൊതുമേഖല ബാങ്കുകള്‍

ഒക്ടോബറോടെ പൊതുമേഖല ബാങ്കുകള്‍ വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഒക്ടോബറോടെ പൊതുമേഖല ബാങ്കുകള്‍ വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കോള്‍ സെന്റര്‍, മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴി ഉപഭോക്താക്കള്‍ സേവനം ആവശ്യപ്പെടുന്ന മുറയ്ക്ക് വീട്ടുപടിക്കല്‍ സേവനം എത്തിക്കാനുളള തയ്യാറെടുപ്പിലാണ് പൊതുമേഖല ബാങ്കുകള്‍. നിലവില്‍ എസ്ബിഐ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്കിലെ തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായ ബാങ്കിംഗ് സേവനം ഉറപ്പാക്കാനുമുളള ആലോചനയിലാണ് ഈ ആശയം ഉയര്‍ന്ന് വന്നത്. പ്രായമായവര്‍ അടക്കം ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബറോടെ സേവനം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വീട്ടുപടിക്കല്‍ സേവനം എത്തിക്കാന്‍ ബാങ്കിംഗ് ഏജന്റുമാരെ നിയോഗിക്കും. പൊതുമേഖല ബാങ്കുകള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന സേവനദാതാക്കളാണ് ഏജന്റുമാരെ നിയോഗിക്കുക. തുടക്കത്തില്‍ രാജ്യത്തെ 100 കേന്ദ്രങ്ങളില്‍ സേവനം എത്തിക്കാനാണ് ആലോചന. നിലവില്‍ ചെക്ക്, ഡിഡി അടക്കം സാമ്പത്തിക ഇതര സേവനങ്ങള്‍ ബാങ്കുകള്‍ വീട്ടുപടിക്കല്‍ എത്തി നിര്‍വഹിക്കുന്നുണ്ട്. ഇതൊടൊപ്പം സാമ്പത്തിക ഇടപാടുകളും നിര്‍വഹിച്ച് സേവനം വിപുലീകരിക്കാനാണ് പൊതുമേഖല ബാങ്കുകള്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com