വായ്പ തിരിച്ചടവിന് 24 മാസം വരെ മൊറട്ടോറിയം, തവണകള്‍ പുനഃ ക്രമീകരിക്കാനും അവസരം: എസ്ബിഐ

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഇടപാടുകാര്‍ക്ക് വായ്പ പുനഃ ക്രമീകരിക്കാന്‍ അനുവദിച്ച് എസ്ബിഐ
വായ്പ തിരിച്ചടവിന് 24 മാസം വരെ മൊറട്ടോറിയം, തവണകള്‍ പുനഃ ക്രമീകരിക്കാനും അവസരം: എസ്ബിഐ

മുംബൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഇടപാടുകാര്‍ക്ക് വായ്പ പുനഃ ക്രമീകരിക്കാന്‍ അനുവദിച്ച് എസ്ബിഐ. വായ്പ തിരിച്ചടവിന് 24 മാസം വരെ മൊറട്ടോറിയം അനുവദിക്കാനാണ് എസ്ബിഐ തീരുമാനിച്ചത്. അല്ലാത്ത പക്ഷം ഗഡുക്കള്‍ പുനഃക്രമീകരിക്കാനും അനുവദിക്കും. മൊറട്ടോറിയത്തിന് സമാനമായുളള കാലയളവില്‍ ഗഡുക്കള്‍ പുനഃക്രമീകരിക്കാനുളള അവസരമാണ് അനുവദിക്കുക.

ആര്‍ബിഐയുടെ ഒറ്റ തവണ ആശ്വാസ നടപടിക്ക് സ്വീകരിച്ച വ്യവസ്ഥകള്‍ തന്നെയാണ് എസ്ബിഐ പാലിക്കുന്നത്.മാര്‍ച്ച് ഒന്നിന് മുമ്പ് ഭവന വായ്പ ഉള്‍പ്പെടെ എടുത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് മുമ്പ് വരെ വായ്പ തിരിച്ചടവ് കൃത്യമായി പാലിച്ചവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക എന്ന് എസ്ബിഐ അറിയിച്ചു.

ഗഡുക്കള്‍ പുനഃക്രമീകരിക്കുന്നതിന് മുമ്പ് ഇടപാടുകാരന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തും. എന്ന് ഇടപാടുകാരന്റെ സാമ്പത്തിക സ്ഥിതി സാധാരണ പോലെ ആകുമെന്ന് വിലയിരുത്തുമെന്ന് എസ്ബിഐ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇടപാടുകാരുടെ വായ്പ പുനഃ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ പുറത്തിറക്കുന്ന ആദ്യ ബാങ്കാണ് എസ്ബിഐ. ഇതിന്റെ ചുവടുപിടിച്ച് എച്ച്ഡിഎഫ്‌സിയും ഐസിഐസിഐ ബാങ്കും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്.

വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കില്ല എന്നതാണ് മറ്റൊരു സവിശേഷത. അതേസമയം ഇത്തരം വായ്പകളുടെ ബാധ്യത കുറയ്ക്കാന്‍ ഒരു നിശ്ചിത തുക നീക്കിവെയ്ക്കണമെന്ന് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ പലിശയുടെ മേല്‍ 35 ബേസിക് പോയിന്റ് അധികം ഈടാക്കും. അതിനാല്‍ വായ്പ തിരിച്ചടവിന്റെ സമയത്ത് കൂടുതല്‍ പലിശ നല്‍കേണ്ടതായി വരും. ഇത് കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com