കോവിഡ് ചികിത്സയ്ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ്, ഒരു മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീരുമാനം അറിയിക്കണം: ഐആര്‍ഡിഎ 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി കിടക്കകള്‍ നിറഞ്ഞു കിടക്കുന്ന അവസ്ഥയാണ്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റിന് അപേക്ഷ ലഭിച്ചാല്‍ അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതരെ തീരുമാനം അറിയിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം. രോഗിയുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ നിന്ന് അന്തിമ ബില്‍ ലഭിച്ച് ഒരു മണിക്കൂറുനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളോട് ഇന്‍ഷുറന്‍സ് മേഖല നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ഐആര്‍ഡിഎ ആവശ്യപ്പെട്ടു. കോവിഡ് ചികിത്സ കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പോളിസി എടുത്തവരുടെ കാര്യത്തിലാണ് ഇത് ബാധകം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി കിടക്കകള്‍ നിറഞ്ഞു കിടക്കുന്ന അവസ്ഥയാണ്.  ഡിസ്ചാര്‍ജ് വൈകിയാല്‍ പുതിയ രോഗിക്ക് യഥാവിധി ചികിത്സ ലഭിക്കുന്നതിന് തടസം സൃഷ്ടിക്കും. ഇത് പരിഹരിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. രോഗിയുടെ ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് അംഗീകരിച്ച് കൊണ്ടുള്ള തീരുമാനം ഒരു മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രികളെ അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. രോഗിക്ക് കിടക്ക ലഭിക്കാത്ത അവസ്ഥ ഒഴിവാക്കാനാണ് ഡല്‍ഹി ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.


ക്യാഷ് ലെസ് ട്രീറ്റ്‌മെന്റിനും ഡിസ്ചാര്‍ജ്ജിനും ഉടന്‍ തന്നെ അംഗീകാരം നല്‍കുന്ന തരത്തില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികളോട് കോടതി നിര്‍ദേശിച്ചത്. കോവിഡ് രോഗം ഉള്‍പ്പെടെ എല്ലാവിധ ചികിത്സയും കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് ഉടന്‍ തന്നെ ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റ് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രികളോട് ഐആര്‍ഡിഎ നിര്‍ദേശിച്ചിരുന്നു. ചികിത്സയ്ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് സൗകര്യം ആശുപത്രികള്‍ നല്‍കുന്നുണ്ട് എന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉറപ്പാക്കണമെന്നും ഐആര്‍ഡിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com