പരീക്ഷ ജയിക്കാനും അസുഖം മാറാനും ഇനി ഫേസ്ബുക്ക് വഴി പ്രാര്‍ത്ഥിക്കാം; വിശ്വാസികള്‍ക്കായി പുതിയ ഫീച്ചര്‍ 

ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അസുഖം, തൊഴില്‍ തുടങ്ങി ചെറുതും വലുതുമായ എന്ത് ആവശ്യത്തിനും പ്രാര്‍ത്ഥന തേടാം
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

വിശ്വാസികളായ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഓണ്‍ലൈനിലൂടെ പ്രാര്‍ത്ഥന നടത്താനും പ്രാര്‍ത്ഥനാസഹായം തേടാനുമുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ ലഭിക്കുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അസുഖം, തൊഴില്‍ തുടങ്ങി ചെറുതും വലുതുമായ എന്ത് ആവശ്യത്തിനും പ്രാര്‍ത്ഥന തേടാം. 

പ്രാര്‍ത്ഥന ആവശ്യപ്പെട്ട് പോസ്റ്റ് പങ്കുവച്ചതിന് ശേഷം 'ഐ പ്രേയിഡ്' എന്ന ഓപ്ഷനില്‍ ലൈക്കോ മറ്റു റിയാക്ഷനുകളോ നല്‍കാന്‍ കഴിയും. ഇതുവഴി നേരിട്ട് മെസേജ് അയക്കാനും കമന്റ് ചെയ്യാനും സാധിക്കും.

കോവിഡ് മഹാമാരിയുടെ കാലത്ത് പല മതവിഭാഗക്കാരും വിശ്വാസികളുമായി പ്രാര്‍ത്ഥനകളും മറ്റു ശുശ്രൂഷകളും പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കണ്ടതിന് പിന്നാലെയാണ് ഈ പുതിയ സാധ്യതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ യു എസ്സിലാണ് ഇത് പരീക്ഷിച്ചുതുടങ്ങിയത്. ആളുകളെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പുതിയ ഫീച്ചറിനെ അനുകൂലിക്കുകയാണ് വിവിധ മതവിഭാഗക്കാര്‍. വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തരം സാഹചര്യങ്ങളില്‍ കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് മത നേതാക്കള്‍ പറയുന്നത്. 

പുതിയ മാറ്റങ്ങള്‍ ആരാധകരെ ഓണ്‍ലൈന്‍ പ്രാര്‍ത്ഥന മാത്രമെന്ന തലത്തിലേക്ക് എത്തിക്കുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു. നേരിട്ട് ആരാധനാലയങ്ങളില്‍ എത്തുന്നതിന് വിശ്വാസികള്‍ മടിക്കാന്‍ ഇത് ഇടവരുത്തുമോ എന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com