ബാങ്കിങ് ഉള്‍പ്പെടെ വിവിധ ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കണമോ?, ചെയ്യേണ്ടതെല്ലാം- വീഡിയോ 

സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം
ബാങ്കിങ് ഉള്‍പ്പെടെ വിവിധ ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കണമോ?, ചെയ്യേണ്ടതെല്ലാം- വീഡിയോ 

കൊച്ചി: പാന്‍, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കല്‍ തുടങ്ങി ഭാവിയില്‍ വിവിധ സാമ്പത്തിക ഇടപാടുകള്‍ സുഗമമായി നടത്തുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതിന്റെ സമയപരിധി ഈ മാസവും അടുത്തമാസവുമായി തീരുകയാണ്. ഇവ കൃത്യമായി ചെയ്തില്ലായെങ്കില്‍ ഭാവിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വരും. 

പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍

സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം. നിരവധി തവണ നീട്ടിവെച്ചതിനെ തുടര്‍ന്നാണ് സമയപരിധി സെപ്റ്റംബര്‍ 30ല്‍ എത്തിയത്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉപയോഗശൂന്യമാകും. പിഴ ഒടുക്കേണ്ടതായും വരും. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് തടസം നേരിടും. ഈ സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്.അല്ലാത്തപക്ഷം ബാങ്കിങ് സേവനം തടസപ്പെടുമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സമയപരിധി നീട്ടുകയായിരുന്നു. പുതിയ പോര്‍ട്ടലില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് വീണ്ടും സമയപരിധി നീട്ടാന്‍ സാധ്യതയുണ്ട്. സമയപരിധി നോക്കാതെ ഉടന്‍ തന്നെ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ റീഫണ്ട് വേഗം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവസാന നിമിഷം വരെ കാത്തിരുന്നാല്‍ മറ്റു തടസങ്ങള്‍ ഉണ്ടായാല്‍ റിട്ടേണ്‍ സമയത്ത് ഫയല്‍ ചെയ്യാന്‍ കഴിയാതെയും വരാം. ഇത് പിഴ ക്ഷണിച്ചുവരുത്തും. ഡിസംബര്‍ അവസാനം വരെ പ്രതിവര്‍ഷം അഞ്ചുലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ആയിരം രൂപയാണ് പിഴ. ഇതിന് മുകളിലുള്ളവര്‍ക്ക് 5000 രൂപ പിഴയായി ഒടുക്കണം.

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. വ്യവസ്ഥ പാലിച്ചില്ലായെങ്കില്‍ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടസ്സപ്പെടുമെന്ന് ഇപിഎഫ്ഒ മുന്നറിയിപ്പ് നല്‍കുന്നു. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ലഭിക്കുന്ന യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. സമയപരിധി കഴിഞ്ഞാല്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്ന അവസ്ഥ വരെ വരാം. ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ കയറി  ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.മാനേജ് ഓപ്ഷനില്‍ കയറിവേണം നടപടികള്‍ ആരംഭിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com