വമ്പിച്ച സ്വകാര്യവത്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം; രാജ്യത്തെ 300 പൊതുമേഖല സ്ഥാപനങ്ങളെ 12 ആക്കി വെട്ടിച്ചുരുക്കിയേക്കും

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
നിര്‍മ്മല, രാജ്‌നാഥ് സിങ്, നരേന്ദ്രമോദി, അമിത് ഷാ/ എഎന്‍ഐ ചിത്രം
നിര്‍മ്മല, രാജ്‌നാഥ് സിങ്, നരേന്ദ്രമോദി, അമിത് ഷാ/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 12 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. സുപ്രധാന മേഖലയ്ക്ക് പുറത്തുള്ള കമ്പനികളെ സ്വകാര്യവത്കരിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ട കമ്പനികളുടെ എണ്ണം വിരലില്‍ എണ്ണാവുന്നതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ സ്വകാര്യവത്കരണ നയത്തെ കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 2021-21 സാമ്പത്തിക വര്‍ഷം ഏകദേശം രണ്ടുലക്ഷം കോടിയോട് അടുപ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നേടിയെടുക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതില്‍ തന്ത്രപരമായ വിറ്റഴിക്കലും ഉള്‍പ്പെടുമെന്ന് നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടു പൊതുമേഖല ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഉള്‍പ്പെടെ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് ബജറ്റ് നിര്‍ദേശിക്കുന്നത്.

രാജ്യത്തെ ആസൂത്രണവിഭാഗമായ നീതി ആയോഗിന്റെ ശുപാര്‍ശ പ്രകാരം നടപടി സ്വീകരിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. അടുത്തതായി വിറ്റഴിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് നീതി ആയോഗിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ നാല് സുപ്രധാന മേഖലകളില്‍ മാത്രമായി പൊതുമേഖല സ്ഥാപനങ്ങളെ പരിമിതപ്പെടുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഓരോ സെക്ടറിലും മൂന്ന് മുതല്‍ നാലു കമ്പനികള്‍ വരെ നിലനിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ബാക്കി കമ്പനികളുടെ ഓഹരികള്‍ തന്ത്രപരമായി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നികുതിദായകരുടെ പണം യുക്തിപൂര്‍വ്വം ചെലവഴിക്കുന്നതിന് വിറ്റഴിക്കല്‍ അനിവാര്യമാണ് എന്ന നിലപാടിലാണ് സര്‍ക്കാര്‍.

ആണവോര്‍ജ്ജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, ടെലി കമ്മ്യൂണിക്കേഷന്‍, ഊര്‍ജ്ജം, പെട്രോളിയം, കല്‍ക്കരി, ധാതുലവണങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവനം എന്നിവയാണ് തന്ത്രപ്രധാന മേഖലകളായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 348 പൊതുമേഖല സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ 249 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 86 എണ്ണം നിര്‍മ്മാണ ഘട്ടത്തിലോ, അടച്ചുപൂട്ടലിന്റെ വക്കിലോ ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com