രണ്ടോ മൂന്നോ ദിവസം മതി, പെട്രോള്‍ വില നൂറു കടക്കും! ഈ നഗരത്തിലെ നിരക്കു നോക്കൂ

രണ്ടോ മൂന്നോ ദിവസം മതി, പെട്രോള്‍ വില നൂറു കടക്കും! ഈ നഗരത്തിലെ നിരക്കു നോക്കൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 95 പൈസ. ഡീസലിന് 90 രൂപ 79 പൈസ. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഇന്നത്തെ ഇന്ധന വിലയാണിത്. 

കഴിഞ്ഞ ഏതാനും നാളുകളായി പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധനയാണ് രാജ്യത്തുണ്ടായത്. പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും 95ന് മുകളിലാണ് വില. വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. ഇവിടെ വില നൂറിലേക്ക് അടുക്കുകയാണ്.

ബിക്കാനീറില്‍ 97.11, ജലോറില്‍ 97.01, ബാര്‍മറില്‍ 96.08 എന്നിങ്ങനെയൊക്കെയാണ് രാജസ്ഥാനിലെ നഗരങ്ങളിലെ പെട്രോള്‍ വില. ഗംഗാനഗറില്‍ ഇന്നലെ 98.41ല്‍ എത്തിയ വില ഇന്നത്തെ വര്‍ധന കൂടിയായതോടെ 99ന് അഞ്ചു പൈസ മാത്രം കുറവിലെത്തി. രണ്ടോ മൂന്നോ ദിവസം കൊണ്ട് വില നൂറു കടക്കുമെന്നാണ് കരുതുന്നത്. 

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ജനുവരി ആറിനാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില കൂട്ടാന്‍ തുടങ്ങിയത്. ഇതിനു ശേഷം ഇതുവരെ പെട്രോളിനും ഡീസലിനും അഞ്ചു രൂപയോളമാണ് വര്‍ധനയുണ്ടായത്. 

ബ്രെന്റ് ക്രൂഡിന് വില കൂടുന്നതു തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുമെന്നു തന്നെയാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ ഒട്ടു മിക്ക നഗരങ്ങളിലും വില നൂറിനു മുകളിലെത്താനിടയുണ്ടെന്ന് അവര്‍ പറയുന്നു. 

പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് ഉയര്‍ന്നത്.

കേരളത്തില്‍ ഒന്നിലധികം ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90 രൂപ 2 പൈസയാണ്. ഇടുക്കി ജില്ലയില്‍ ചിലയിടങ്ങളില്‍ 90 രൂപ 18 പൈസയാണ് പെട്രോളിന് വില. എറണാകുളത്ത് പെട്രോള്‍ ലിറ്ററിന് 88 രൂപ 60 പൈസയും ഡീസലിന് 83 രൂപ 40 പൈസയുമാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 84 രൂപയ്ക്ക് മുകളിലാണ്.

ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതുമാണ് ഇന്ധന വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com