തൊട്ടു, തൊട്ടില്ല നൂറില്‍! പെട്രോള്‍ പൊള്ളുന്നു; ശമനമില്ലാതെ വില വര്‍ധന

ഒരാഴ്ചയിലേറെയായി തുടരുന്ന നിരന്തരമായ വര്‍ധനയോടെ രാജ്യത്തെ പല പ്രദേശങ്ങളിലും പെട്രോള്‍ വില നൂറില്‍ തൊട്ടു തൊട്ടില്ലെന്ന നിലയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഒരാഴ്ചയിലേറെയായി തുടരുന്ന നിരന്തരമായ വര്‍ധനയോടെ രാജ്യത്തെ പല പ്രദേശങ്ങളിലും പെട്രോള്‍ വില നൂറില്‍ തൊട്ടു തൊട്ടില്ലെന്ന നിലയിലായി. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പല നഗരങ്ങളിലും നൂറിനു തൊട്ടടുത്താണ് വില. 

രാജസ്ഥാനിലെ ഹനുമാന്‍ഗഢ്, ഗംഗാനഗര്‍, ജയ്‌സാല്‍മര്‍ എന്നിവിടങ്ങളില്‍ 98.22, 99.26, 97.73 എന്നിങ്ങനെയാണ് ഇന്നലത്തെ വില. മധ്യപ്രദേശിലും സമാനമാണ് അവസ്ഥ. സിദ്ധിയില്‍ 98.14 ആണ് ഇന്നലെ വില. ശാദോളില്‍ 98.67, ഖാന്‍ഡ്വയില്‍ 98.31, സത്‌നയില്‍ 98.58 എന്നിങ്ങനെയാണ് വില. മധ്യപ്രദേശില്‍ 23 പട്ടണങ്ങളില്‍ വില 98 രൂപയ്ക്കു മുകളില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പെട്രോളിന് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. മധ്യപ്രദേശില്‍ 39 ശതമാനമാണ് പെട്രോളിനും ഡീസലിനും വാറ്റ്. രാജസ്ഥാനില്‍ കഴിഞ്ഞ മാസം ഇന്ധന വില രണ്ടു രൂപ വച്ചു കുറച്ചിരുന്നു. എന്നിട്ടും വില നൂറിലേക്കു കുതിക്കുകയാണ്. 36 ശതമാനമാണ് സംസ്ഥാനത്തെ നികുതി. 

മുംബൈയില്‍ പെട്രോള്‍ വില 95.46ല്‍ എത്തി. ചെന്നൈയില്‍ 91.19, കൊല്‍ക്കത്തയില്‍ 90.25 എന്നിങ്ങനെയാണ് വില. 

പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 90. 94 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ 89. 15 രൂപയാണ്. തിരുവനന്തപുരത്തെ ഡീസല്‍ വില 85.33 ആയി. കൊച്ചിയില്‍ 83.74 രൂപ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com