കൃഷി ചെയ്യുന്നില്ല, കര്‍ഷകരുമായി ഇടപാടുമില്ല; കാര്‍ഷിക നിയമങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് റിലയന്‍സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 11:36 AM |
Last Updated: 04th January 2021 11:36 AM | A+A A- |

റിലയന്‍സ് മേധാവി മുകേഷ് അംബാനി/ഫയല്‍
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു തങ്ങള്‍ക്കു യാതൊരു വിധ പ്രയോജനവും ഇല്ലെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കു പിന്നില്‍ റിലയന്‍സ് ആണെന്ന പ്രചാരണം വ്യാപകമാവുന്നതിനിടെയാണ് കമ്പനിയുടെ വിശദീകരണം. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലും ഹരിയാനയും റിലയന്‍സിന്റെ മൊബൈല്‍ ടവറുകള്‍ക്കു നേരെ വ്യാപകമായി ആക്രമണങ്ങള്‍ നടന്നിരുന്നു. റിലയന്‍സ് ജിയോ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കമ്പനി വിശദീകരണവുമായി രംഗത്തുവന്നത്.
''രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന കാര്‍ഷിക നിയമങ്ങളുമായി റിലയന്‍സിന് ഒരു ബന്ധവുമില്ല. ഒരു വിധത്തിലും കമ്പനിക്ക് അതുകൊണ്ടു പ്രയോജനവുമില്ല. നിയമങ്ങളുമായി റലിയന്‍സിനെ ബന്ധപ്പെടുത്തുന്നത് കമ്പനിയുടെ അന്തസ്സു കെടുത്തുന്നതാണ്.'' ഇത് ബിസിനസിനെ ബാധിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
റിലയന്‍സ് കരാര്‍ കൃഷിയോ കോര്‍പ്പറേറ്റ് കൃഷിയോ ചെയ്യുന്നില്ല. പഞ്ചാബിലോ ഹരിയാനയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കര്‍ഷകരില്‍നിന്നു നേരിട്ടോ പരോക്ഷമായോ ഭൂമി വാങ്ങുന്നില്ല. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വില്‍ക്കുന്ന, കമ്പനിയുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ കര്‍ഷകരില്‍നിന്നു നേരിട്ട് വിളകള്‍ വാങ്ങുന്നുമില്ല. കര്‍ഷകരുമായി കമ്പനി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്നു വിളകള്‍ വാങ്ങരുതെന്ന് വിതരണക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
മൊബൈല്‍ ടവറുകള്‍ക്കു നേരയെുള്ള ആക്രമണം അടിയന്തരമായി നിര്‍ത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ റിലയന്‍സ് ജിയോ ഹര്‍ജി നല്‍കിയതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.