സ്വര്‍ണ ഇടപാടുകള്‍ ഇനി ഇഡി നിരീക്ഷണത്തില്‍; പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ രേഖ വേണം, പിടി മുറുക്കി കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 09:12 AM |
Last Updated: 05th January 2021 09:12 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്തെ ജുവല്ലറി വ്യവസായത്തെ മുഴുവന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലാക്കി. സ്വര്‍ണാഭരണ മേഖല ഉള്‍പ്പെടെ ജ്വല്ലറി ഇടപാടുകളില്‍ കേന്ദ്രം പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
2020 ഡിസംബര്‍ 28 മുതല്‍ പിഎംഎല്‍എ നിയമത്തിന്റെ പരിധിയിലാണ് ജ്വല്ലറി
ഇടപാടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് ധനമന്ത്രാലയം ഉത്തരവിറക്കി. സ്വര്‍ണമോ, സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പണമോ കൃത്യമായ രേഖകള്‍ ഇല്ലാതെ പിടിക്കപ്പെട്ടാല്‍ അവിടെ വിശദമായ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അധികാരമുണ്ടാവും.
ഉപഭോക്താവുമായി 10 ലക്ഷം രൂപയ്‌ക്കോ, അതിന് മുകളിലോ ഒന്നോ അതില്‍ അധികമോ തവണകളായി ജ്വല്ലറി ഇടപാട് നടത്തിയാല്‍ രേഖകള്‍ സൂക്ഷിക്കണം എന്നത് നിര്‍ബന്ധമാണ്. ഇഡി ആവശ്യപ്പെട്ടാല്‍ ഈ രേഖകള്‍ ഹാജരാക്കുകയും വേണം. ഇതിലൂടെ എല്ലാ ഇടപാടുകളുടേയും രേഖകള്‍ സൂക്ഷിക്കാന്‍ ജ്വല്ലറി ഉടമകള്‍ ബാധ്യസ്ഥരാവും.
കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടലിന് പുറമെ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കൃത്യമായ രേഖകള്‍ ഇല്ലാതെ പണമോ, സ്വര്‍ണമോ അധികൃതര്‍ പിടിച്ചെടുത്താല്‍ മൂല്യത്തിന്റെ 82.50 ശതമാനം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ നില. പുതിയ നിയമത്തോടെ കണ്ടുകെട്ടലിന് പുറമെ അന്വേഷണവും നേരിടണം.