വാങ്ങാതെ തന്നെ മാരുതി കാറുകൾ സ്വന്തമാക്കാം; എസ് ക്രോസ് മുതൽ സ്വിഫ്റ്റ് വരെ, 12,722 രൂപ മുതൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 02:18 PM |
Last Updated: 06th January 2021 02:18 PM | A+A A- |

ഫയല്‍ ചിത്രം
മാരുതി സുസുക്കിയുടെ വാഗൺ ആർ, ഇഗ്നിസ്, എസ് ക്രോസ് അടക്കമുള്ള വാഹനങ്ങൾ ഇനിമുതൽ വാടകയ്ക്ക് ലഭിക്കും. മാരുതി സബ്സ്ക്രൈബ് പദ്ധതിക്ക് കീഴിൽ മാസ വാടക വ്യവസ്ഥയിലാണ് കാറുകൾ ലഭ്യമാക്കുന്നത്. അരീനയിലും നെക്സയിലുമായുള്ള 10ഓളം വാഹനങ്ങളാണ് ഉപഭോക്താക്കൾക്ക് വാടകയ്ക്കെടുക്കാൻ അവസരമുള്ളത്. സ്വിഫ്റ്റ് ഡിസൈർ, വിറ്റാര ബ്രീസ, എർടിക, ബലേനോ, സിയാസ്, എക്‌സ്എൽ 6 എന്നിവയാണ് വാടകയ്ക്കെടുക്കാവുന്ന മോഡലുകൾ
ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ചെന്നൈ, അഹമദാബാദ് എന്നീ നഗരങ്ങളിലാണ് മാരുതി സുസുക്കി സബ്സ്ക്രൈബ് പദ്ധതി നടപ്പാക്കുക. 24, 36, 48 മാസത്തെ പാട്ടകാലാവധിയോടെയാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. വാഹനം ഉപയോഗിക്കാനുള്ള ഫീസ്, പരിപാലന ചെലവ്, കാറുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ എന്നിവ കണക്കാക്കി നിർണയിച്ച പ്രതിമാസ വാടകയാണ് ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത്. മാരുതി വാഗൺആറിന് 12,722 രൂപയും ഇഗ്‌നിസിന് 13,722 രൂപയുമാണ് മാസ വാടക.
ഇന്ത്യയിൽ സ്ഥിര താമസമാക്കിയ 25 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിലൂടെ വാഹനം ലഭിക്കുക. വായ്പ വിതരണത്തിനായി ബാങ്കുകൾ പരിഗണിക്കുന്ന സിബിൽ സ്കോർ എഴുനൂറിനു മുകളിലായിരിക്കണമെന്നും വ്യവസ്തയും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് ഉള്ളവരുടെ പേരിൽ മാത്രമേ വാഹനം ലഭിക്കുകയൊള്ളു.