സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?; കെവൈസി രേഖകള്‍ വേണം, കേന്ദ്രം ജ്വല്ലറി മേഖലയില്‍ പിടിമുറുക്കുന്നു?
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 02:57 PM |
Last Updated: 06th January 2021 02:57 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവരില്‍ നിന്ന് ജ്വല്ലറികള്‍ കെവൈസി രേഖകള്‍ ആവശ്യപ്പെട്ട് തുടങ്ങി.വരുന്ന കേന്ദ്രബജറ്റില്‍ എല്ലാ പണമിടപാടുകള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ജ്വല്ലറികള്‍ ഉപഭോക്താക്കളില്‍ നിന്ന് കെവൈസി രേഖകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രണ്ടുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് കെവൈസി നിര്‍ബന്ധമാണ്.
സ്വര്‍ണവ്യാപാര മേഖലയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് അടുത്തിടെയാണ്. ഇതിന്റെ ചുവടുപിടിച്ച് സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുമെന്ന ആശങ്ക സ്വര്‍ണവ്യാപാരം മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളില്‍ നിന്ന് കെവൈസി രേഖകള്‍ ആവശ്യപ്പെടാന്‍ ജ്വല്ലറികള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാന്‍, ആധാര്‍ എന്നി തിരിച്ചറിയല്‍ രേഖകളാണ് മുഖ്യമായി ആവശ്യപ്പെടുന്നത്.
നിലവില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴികെ മറ്റെല്ലാ ആസ്തി വിഭാഗങ്ങള്‍ക്കും കെവൈസി നിര്‍ബന്ധമാണ്. സ്വര്‍ണാഭരണത്തിന്റെ കാര്യത്തില്‍ രണ്ടുലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രം കെവൈസി നിര്‍ബന്ധമുള്ളൂ. ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നി ആസ്തികള്‍ക്ക് സമാനമായി സ്വര്‍ണാഭരണങ്ങളെയും കാണാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.