പുതിയ മാറ്റങ്ങൾ ഉടൻ അംഗീകരിക്കണം, അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഈ വെള്ളിയാഴ്ച ഡിലീറ്റാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 11:18 AM |
Last Updated: 06th January 2021 11:22 AM | A+A A- |

പ്രതീകാത്മക ചിത്രം
പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ആയ വാട്സാആപ്പ് തുടർന്നും ഉപയോഗിക്കണമെങ്കിൽ ചില ഭേദഗതികൾ അംഗീകരിക്കണമെന്ന മുന്നറിയിപ്പുമായി കമ്പനി. സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും വരുത്തിയ മാറ്റങ്ങൾ ഉപഭോക്താക്കൾ അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ദശലക്ഷകണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ ആവശ്യം ഉന്നയിച്ചുള്ള സന്ദേശം എത്തിക്കഴിഞ്ഞു.
ഫെബ്രുവരി 8 നകം പുതിയ മാറ്റങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമെന്നാണ് അറിയിപ്പ്. ഉപഭോക്താക്കൾക്ക് ആപ്പ് വഴി ലഭിച്ച മെസേജിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇതോടൊപ്പമുള്ള ലിങ്കുകളിൽ കയറുമ്പോൾ കൂടുതൽ വ്യക്തത ലഭിക്കും. ഇവിടെ ഉപയോക്താക്കളുടെ വിവരങ്ങൾ വാട്‌സ്ആപ്പ് ശേഖരിക്കുന്നതിലെയും പ്രോസസ്സ് ചെയ്യുന്നതിലെയും പ്രധാന മാറ്റങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായുള്ള പങ്കാളിത്തവും പരാമർശിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് സേവനങ്ങൾ ഉപഭോക്താക്കൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ചില വിവരങ്ങൾ ശേഖരിക്കേണ്ടതായി വരുമെന്ന് പുതിയ പോളിസിയിൽ പറയുന്നു. ഫെബ്രുവരി എട്ട് മുതൽ പുതിയ നയം നിലവിൽ വരും.