പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍, സംസ്ഥാനത്ത് 86 കടന്നു; ഡീസല്‍ 80ന് മുകളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 10:18 AM |
Last Updated: 07th January 2021 10:18 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ രാജ്യത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍. രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 84 രൂപയായി. ഒരു മാസത്തോളം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവില തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഉയരുന്നത്.
പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86 രൂപ 22 പൈസയായി. ഡീസല്‍ വാങ്ങാന്‍ 80 രൂപ 21 പൈസ നല്‍കണം. കൊച്ചിയില്‍ 84 രൂപ 35 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 78 രൂപ 43 പൈസ നല്‍കണം.
അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 55 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. ഒരാഴ്ച കൊണ്ട് അഞ്ചു ഡോളറാണ് വര്‍ധിച്ചത്.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84 രൂപ 20 പൈസയായി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. മറ്റു മെട്രോ നഗരങ്ങളിലും വില ഉയര്‍ന്നിട്ടുണ്ട്. മുംബൈയില്‍ 90 രൂപ കടന്നു. 2018 ഒക്ടോബര്‍ നാലിന് രേഖപ്പെടുത്തിയ 91 രൂപ 34 പൈസയില്‍ നിന്ന് 50 പൈസ താഴെയാണ് നിലവില്‍ മുംബൈയിലെ വില.