ബെസോസിനെ കടത്തിവെട്ടി, ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍; 14 ലക്ഷം കോടി ആസ്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 10:35 AM |
Last Updated: 08th January 2021 10:35 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂയോര്‍ക്ക്: ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി യുഎസിലെ ഇലക്ട്രിക് കാര്‍ കമ്പനി ടെസ്ലയുടെ സ്ഥാപകനും സ്പേസ് എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. ടെസ്ലയുടെ ഓഹരിമൂല്യത്തില്‍ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതോടെയാണ് ബ്ലൂംബര്‍ഗ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസിനെ മസ്‌ക് പിന്തള്ളിയത്.
188500 കോടി ഡോളറാണ് ദക്ഷിണാഫ്രിക്കന്‍ വംശജനായ മസ്‌കിന്റെ സമ്പാദ്യം. ബെസോസിനേക്കാള്‍ 150 കോടി ഡോളര്‍ അധിക വരുമാനം നേടിയാണ് മസ്‌ക് പട്ടികയില്‍ ആദ്യമെത്തിയത്. 2017 ഒക്ടോബര്‍ മുതല്‍ ബെസോസായിരുന്നു പട്ടികയില്‍ ഒന്നാമന്‍. ബെസോസിന്റെ ആസ്തി ഇപ്പോള്‍ 187500 കോടി ഡോളറാണ്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മസ്‌ക് കടത്തിവെട്ടിയത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്ലയുടെ ഓഹരിവില അന്ന് 14 ശതമാനം ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11750 കോടി ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 9000 കോടി ഡോളറിനടുത്ത് വര്‍ധനയാണ് ഉണ്ടായത്.