എടിഎം തട്ടിപ്പ് തടയാന്‍ സുരക്ഷാ 'ടിപ്‌സ്'; എസ്ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 04:49 PM |
Last Updated: 10th January 2021 04:49 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. തട്ടിപ്പിന് നൂതന മാര്‍ഗങ്ങളാണ് മോഷ്ടാക്കള്‍ അവലംബിക്കുന്നത്. അതിനിടെ, തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സുരക്ഷാമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.
നിലവില്‍ ബാങ്കുകള്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ചിലര്‍ തട്ടിപ്പിന് ഇരയാവുന്നുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ക്ലോണിങ് അടക്കം വിവിധ മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ ഇവരെ കുടുക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങളാണ് എസ്ബിഐ നിര്‍ദേശിച്ചത്.
എടിഎം, പിഒഎസ് മെഷീന്‍ എന്നിവിടങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ പിന്‍ നമ്പര്‍ കാണാത്തവിധം കൈ കൊണ്ട് മറയ്ക്കണമെന്ന് എസ്ബിഐ നിര്‍ദേശിച്ചു. ഒരിക്കലും പിന്‍ നമ്പറും ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും കൈമാറരുത്. കാര്‍ഡിന്റെ പിന്നില്‍ പിന്‍ നമ്പര്‍ എഴുതി വെയ്ക്കരുത്.ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ടെസ്റ്റ് മെസേജുകള്‍ക്കും ഇ-മെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കരുത്.
ജന്മദിനം, ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ എന്നിവ പിന്‍ നമ്പറാക്കരുത്. ഇടപാട് രസീത് അലക്ഷ്യമായി വലിച്ചെറിയരുത്. ഇടപാട് നടത്തുന്നതിന് മുന്‍പ് എടിഎം മുറിയില്‍ ഹിഡന്‍ ക്യാമറ ഇല്ലായെന്ന് ഉറപ്പാക്കണം. കീപാഡില്‍ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും നല്ലതാണെന്നും എസ്ബിഐയുടെ നിര്‍ദേശത്തില്‍ പറയുന്നു.